വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങൾ കുത്തകകൾക്ക് തീറെഴുതാൻ ഗൂഢനീക്കം -ചെന്നിത്തല

തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങൾ കുത്തകകൾക്ക് തീറെഴുതാൻ ഗൂഢനീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമുതലുകൾ ആകെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് പിണറായി സർക്കാർ. ഒരേക്കറിലധികം ഭൂമി വീതമാണ് പതിനാല് സ്ഥലങ്ങളിലായി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ എന്ന പേരിൽ ക്രമവിരുദ്ധമായി ടെൻഡർ വിളിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പ് അനുമതി കൊടുത്തിരിക്കുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു.

ദേശീയ-സംസ്ഥാന പാതകളോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങൾ, വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമിക്കാൻ എന്ന പേരിൽ സ്വകാര്യകമ്പനികൾക്ക്‌ കൈമാറാൻ സർക്കാർ കരുക്കൾ നീക്കിയിരിക്കുകയാണ്. ഈയിടെ നടന്ന എല്ലാ ക്രമക്കേടുകളിലും എന്ന പോലെ ഇവിടെയും മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രകടമാണ്.

2019 ഡിസംബർ 12ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പൊതുമേഖല സ്ഥാപനമായ ഐ.ഒ.സിയുടെ അപേക്ഷ നിരാകരിച്ചുകൊണ്ട് കുറഞ്ഞ തുകയ്ക്ക്‌ സ്വകാര്യവ്യക്തികൾക്ക്‌ സ്ഥലം കൈമാറാനുള്ള വിചിത്രമായ തീരുമാനമെടുത്തത്.

ധനവകുപ്പിന്‍റെ എതിർപ്പിനെത്തുടർന്ന് പാട്ടത്തുക പുതുക്കി നിശ്ചയിച്ചെങ്കിലും, സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള നടപടിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല. പൊതുമേഖലയുടെ വികസനത്തെയും നിലനിൽപ്പിനേയും പറ്റി നിരന്തരം വാചാലനാകുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊതുമേഖലയെ അകാരണമായി പുറത്താക്കി, സ്വകാര്യ വ്യക്തികൾക്ക്‌ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു എന്ന് പൊതുമന:സാക്ഷിയോട് വ്യക്തമാക്കേണ്ടതുണ്ടെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.