കോഴിക്കോട്: സ്വർണത്തിന് മാത്രമല്ല, കമ്പിക്കും പൊന്നിൻവില. അപ്രതീക്ഷിതമായി ഇരുമ്പുകമ്പികളുടെ വില വർധിച്ചതോടെ നിർമാണ മേഖല വൻ പ്രതിസന്ധിയിലായി. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികളിൽനിന്ന് കരകയറി നിർമാണ മേഖല പഴയരീതിയിലേക്ക് മടങ്ങിയെത്തി സജീവമാകുന്നതിനിടെയാണ് കമ്പികളുടെ വില വർധിച്ചത്.
പത്തുദിവസത്തിനുള്ളിൽ കിലോക്ക് അഞ്ചുമുതൽ എട്ടു രൂപവരെയാണ് കോൺക്രീറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പിയുടെ വില വർധിച്ചത്.
ഇതോടെ മൊത്തം നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് പത്ത് ശതമാനത്തിൽകൂടുതൽ വർധിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മിനാർ-65, കൈരളി-66, അപെക്സ്-60 എന്നിങ്ങനെയാണ് കിലോയുടെ റീട്ടെയിൽ വില.
സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില അടുത്തിടെ കുറഞ്ഞിരുന്നു. 28 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നത് 18 ശതമാനമാക്കി മാറ്റിയതോടെയായിരുന്നു ഇത്. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വീട് നിർമാണവും മറ്റും ആരംഭിച്ചിരുന്നു. എന്നാൽ കമ്പിയുടെ വില വർധിച്ചതോടെ ഇതിന്റെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
വില കൂടിയതോടെ വൻകിട നിർമാണ പ്രവർത്തനങ്ങൾ നിർത്തുന്നുവെന്ന് കോൺട്രാക്ടർമാർ പറയുന്നു.
കോൺട്രാക്ടുകളിൽ പറഞ്ഞതു പ്രകാരം നിർമാണം അവസാനിപ്പിക്കാനാകില്ലെന്നും, ഇത് നഷ്ടമുണ്ടാക്കുമെന്നതിനാലുമാണ് പലരും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നത്.
മണലും, എം. സാൻഡും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടിനു പുറമെയാണ് കമ്പി വിലയും നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. നിലവിൽ എം. സാൻഡിന് തോന്നുംപോലെയാണ് വില ഈടാക്കുന്നത്. ഉയർന്ന വില കൊടുത്താലും സാധനം കിട്ടാത്ത അവസ്ഥയുണ്ട്. ഖനനത്തിന് അനുമതിയുള്ള ക്വാറികളിൽ ദിവസം മുഴുവൻ കാത്തുനിന്നാലാണ് ഒരു ലോഡെങ്കിലും ലഭിക്കുകയുള്ളൂവെന്ന് ലോറിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.