അരുൺലാൽ സംവിധാനം ചെയ്ത കൂഹൂ: ആൻ അന്തോളജി ഓൺ റെയിൽസ് എന്ന നാടകം

ഇന്ത്യയെ മുഴുവൻ ഒരു ട്രെയിൻ ബോഗിയിലാക്കി ‘കൂഹൂ’...

തൃശൂർ: കൂവിപ്പായുന്ന ഒരു തീവണ്ടിയിലേക്ക് ഒരു വലിയ രാജ്യത്തിന്റെ പിറവിയും അതിജീവനവും രാഷ്ട്രീയവും ഒക്കെ തള്ളിനിറച്ചതാണ് അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കൂഹൂ’ എന്ന നാടകം. തീവണ്ടി മുഖ്യകഥാപാത്രമായി വരുന്ന ഡോക്യൂഫിക്ഷനല്‍ നാടകാവിഷ്‌കാരമാണ് അരുണ്‍ലാല്‍ സംവിധാനം ചെയ്ത ‘കൂഹൂ: ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ്’ നാടകം.

ബ്രിട്ടീഷ് ആധിപത്യവും സ്വാതന്ത്ര്യ സമരവും രെടയിൻ അട്ടിമറികളും വിഭജനകാലത്തെ ഇന്ത്യ-പാകിസ്താൻ ട്രെയിൻ യാത്രകളും ഒക്കെ നാടകത്തിൽ കടന്നുവരുന്നു. ഇന്ത്യൻ റെയിൽപാളങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ കഥ പറയുകയാണ് നാടകം. ഇന്ത്യൻ ട്രെയിനുകളിലെ സെക്കണ്ട് ക്ലാസ് ജനറൽ കമ്പാർട്ടുമെന്റിലെ യാത്രാദുരിതം ആക്ഷേപഹാസ്യമായി അവതരിപ്പിച്ചാണ് നാടകത്തിന്റെ തുടക്കം.

പിന്നെ നാടകം കൂട്ടിക്കൊണ്ടുപോകുന്നത് ദക്ഷിണാ​ഫ്രിക്കയിലെ പീറ്റർ മാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജി അനുഭവിച്ച വംശവിവേചനത്തിലേക്കാണ്. 1893 ജൂൺ ഏഴിന് ഡർബനിൽനിന്ന് ​നേറ്റാളിലേക്ക് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്ത ഗാന്ധിയെ വംശവെറി ബാധിച്ച റെയിൽവേ പൊലീസ് ട്രെയിനിൽനിന്ന് തള്ളി പുറത്താക്കുന്നത് മുതൽ നാടകത്തിന്റെ ഗതിവേഗം വർധിക്കുന്നു.

ഇന്ത്യയിൽനിന്ന് ചരക്കുകൾ കടത്താൻ ഈസ്റ്റ് ഇന്ത്യ കമ്പനി പുതിയ പാളങ്ങൾ പണിയുന്നതും സ്വാതന്ത്ര്യ സമരസേനാനികൾ റെയിൽപാളങ്ങൾ തകർത്ത് ട്രെയിനുകൾ അട്ടിമറിക്കുന്നതും ഖിലാഫത്ത് സമരത്തിൽ പ​ങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ കുത്തിനിറച്ച് തിരൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ വാഗൺ ട്രെയിൻ പോത്തന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ 70ലധികം ആളുകൾ ശ്വാസം മുട്ടി കൊല്ലപ്പെട്ട വാഗൺ കൂട്ടക്കൊലയും ഒക്കെ നിമിഷമാത്രയിൽ നാടകത്തിൽ തെളിഞ്ഞു.

ബ്രിട്ടീഷുകാർ മടങ്ങി വിഭജനത്തിന്റെ നാളുകളിൽ ഡൽഹിയിൽനിന്നും ലാഹോറിലേക്കും തിരിച്ചും ആളുകൾ ട്രെയിനിൽ നടത്തിയ ദുരിത പലയാനങ്ങൾ അതുപോലെ ദൃശ്യാവിഷ്കരിക്കുന്നതിൽ നാടകസംഘം വിജയിച്ചു. ഇതിനിടെ ചരക്കുതീവണ്ടികളിൽ നടക്കുന്ന ധാന്യ മോഷണവും റെയിൽ​വേ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുള്ള കൊള്ളയും ഒക്കെ നാടകത്തിൽ കണ്ടിരിക്കാം.

ഗോധ്ര തീവണ്ടിയപകടവും അതേത്തുടർന്നുണ്ടായ ഗുജറാത്ത് വംശഹത്യയും മണിപ്പൂരും അതിർത്തികൾക്കപ്പുറത്തുള്ള ഗസയും ഒക്കെ നാടകത്തിലൂടെ സഞ്ചരിക്കുന്നു. കേവലം ഒരു യാത്രാവണ്ടി എന്നതിനപ്പുറം അഭയാർഥി പ്രശ്നവും പലായനവും ഒക്കെ നാടകത്തിൽ വിഷയമാകുന്നുണ്ട്. റെയിൽവേയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില സ്റ്റേഷനുകളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ സംബന്ധിച്ചും നാടകം സംസാരിക്കുന്നു.

ചാന്ദിനി, നാഗാലാന്‍ഡ്,പാഥര്‍ പഞ്ചാലി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഈ തീവണ്ടി യുദ്ധത്തിന്റെയും വംശഹത്യയുടെയും പലായനങ്ങളുടെയും കാഴ്ചകൾ സമ്മാനിക്കുന്നു. കോളനിവല്‍ക്കരണാക്രമണം,ഗാന്ധിജിയുടെ മടങ്ങി വരവ്,സ്വാതന്ത്ര്യ സമരം തുടങ്ങിയ ചരിത്രസംഭവങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നു.

തീവണ്ടി എന്ന പ്രതീകത്തിലൂടെ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും വേദനകളും പ്രതീക്ഷകളും ഒരുപോലെ രേഖപ്പെടുത്തുന്ന ഈ നാടകം, സമാധാനത്തിലേക്കും സമത്വത്തിലേക്കുമുള്ള ഒരു യാത്ര എന്ന സ്വപ്നത്തിലാണ് അവസാനിക്കുന്നത്. പാലക്കാട്ടെ ലിറ്റില്‍ എര്‍ത്ത് സ്‌കൂളാണ് 100 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചത്.

Tags:    
News Summary - Arun Lal's train whistles into the hearts of the audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.