പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി, കെ.കെ രാഗേഷ് അടക്കമുള്ളവർക്ക് നോട്ടീസ്

കണ്ണൂർ: അടുത്തായാഴ്ച നടക്കാനിരിക്കുന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. പുസ്തക പ്രകാശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണന്റെ സമർപ്പിച്ച ഹരജിയിലാണ് തീരുമാനം. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മധുസൂദനന്‍ എം.എൽ.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂർ ​ഗാന്ധി സ്ക്വയറിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നത്. കണ്ണൂർ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനൻ, സി.പി.എം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിർകക്ഷിയാക്കിയാണ് വി. കുഞ്ഞിക്കൃഷ്ണൻ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നത്.

'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത് ഫെബ്രുവരി നാലിനാണ്. ജോസഫ് സി. മാത്യുവാണ് പ്ുസ്തകം പ്രകാശനം ചെയ്യുന്നത്. ബുധനാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയന്‍റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.

പുസ്തകത്തിൽ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. നേതാക്കൾ തന്നെ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കിയെന്ന് കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റുകയായിരുന്നു നേതാക്കൾ. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയാറാക്കാൻ കഴിയും.

ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറി. സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിച്ചുകൊണ്ട് കൊള്ളക്കാരെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകം അടുത്ത ബുധനാഴ്ച പ്രകാശനം ചെയ്യും. വി.എസ് അച്യുതാനന്ദനാണ് പുസ്തകം സമർപ്പിക്കുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവിന്‍റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു എന്നാണ് പറയുന്നത്. 

Tags:    
News Summary - High Court issues notice to KK Ragesh and others seeking police protection for book launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.