ദുബൈയിൽ ആരംഭിച്ച കോൺഫിഡന്‍റ്​ ഗ്രൂപ്പിന്‍റെ പുതിയ പദ്ധതി ഉദ്​ഘാടനം ചെയ്യുന്ന ചടങ്ങിൽ മകൻ രോഹിത്തിനൊപ്പം സി.ജെ. റോയ്​

സി.ജെ. റോയ്​: പാതിയിൽ നിലച്ചത്​ ആത്​മവിശ്വാസത്തിന്‍റെ മുഖം ​

ദുബൈ: പ്രമുഖ ഇന്ത്യൻ റിയൽ എസ്​റ്റേറ്റ്​ ഡവലപ്പറായ കോൺഫിഡന്‍റ് ഗ്രൂപ്പ്​ ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം പ്രവാസി ബിസിനസ്​ ലോകത്തും​ ഞെട്ടലുണ്ടാക്കി.​ കോൺഫിഡന്‍റ്​ ഗ്രൂപ്പ്​ ദുബൈയിൽ തുടക്കമിട്ട ഫ്ലാഗ്​ഷിപ്പ്​ റിയൽ എസ്​റ്റേറ്റ്​ പദ്ധതി പൂർത്തീകരിക്കാതെ പാതിവഴിയിലാണ്​ ഇദ്ദേഹത്തിന്‍റെ മടക്കം.

യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഏറെ പരിചിതമായ ബിസിനസ്​ മുഖമായിരുന്നു സി.ജെ. റോയിയുടേത്​​. ആസ്ഥാനം ബംഗളുരുവിലാണെങ്കിലും കോൺഫിഡൻഡ്​ ഗ്രൂപ്പ്​ ദുബൈയിലെ റിയൽ എസ്​റ്റേറ്റ്​ രംഗത്തും ശക്​തമായ സാന്നിധ്യമാണ്​. 2024ൽ ആണ്​ ആദ്യ പദ്ധതിക്ക്​ ദുബൈയിൽ തുടക്കമിടുന്നത്​. കോൺഫിഡന്‍റ്​ ലാൻകാസ്റ്റർ എന്ന പേരിലുള്ള പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത്​​ വെറും 16 മാസം കൊണ്ടാണ്​. ഇതിന്‍റെ മുഴുവൻ യൂനിറ്റുകളും ഉടമകൾക്ക്​ കൈമാറുകയും ചെയ്തിരുന്നു.

തുടർന്ന്​ 2025 സെപ്​റ്റംബറിലാണ്​ ദുബൈയിലെ ലിവാനിൽ പുതിയ ആഢംബര താമസ സമുച്ചയത്തിന്​ കോൺഫിഡൻസ്​ ഗ്രൂപ്പ്​ തുടക്കമിട്ടത്​​​. കോൺഫിഡൻസ്​ പ്രസ്റ്റൻ എന്ന പേരിലാണ്​ ദുബൈ ലിവാനിൽ 99 സ്മാർട്ട് ഹോം യൂണിറ്റ് ഉൾപ്പെടുന്ന ബഹുനില സമുച്ചയത്തിന്​ തറക്കല്ലിട്ടത്​. ഈ ചടങ്ങിൽ മകനോടൊപ്പം സി.ജെ. റോയിയും പ​ങ്കെടുത്തിരുന്നു. ഈ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ്​ അപ്രതീക്ഷിത മടക്കം.

ബാങ്ക്​ വായ്പയില്ലാതെയാണ്​ കോൺഫിഡന്‍റ്​​ ഗ്രൂപ്പിന്‍റെ പുതിയ പദ്ധതികളെല്ലാം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന്​​ അദ്ദേഹം ചടങ്ങിൽ വ്യക്​തമാക്കിയിരുന്നത്​. സീറോ ഡബ്​റ്റ്​ എന്നതാണ്​ കോൺഫിഡന്‍റ്​ ഗ്രൂപ്പിന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദുബൈ എമിറേറ്റ്​സ്​ ഹിൽസിലായിരുന്നു താമസം. ആഡംബര കാറുകളുടെ പ്രേമി കൂടിയായ ഇദ്ദേഹം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുമുണ്ട്​​.

ബിസിനസ്​ മേഖലകൾക്കപ്പുറം സാംസ്​കാരിക നേതാക്കളുമായും മാധ്യമങ്ങളുമായും അടുത്ത സൗഹൃദബദ്ധം കാത്തു സൂക്ഷിച്ചിരുന്നു. ജീവകാരുണ്യ രംഗത്തു സജീവമായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന്​ കെ.എം.സി.സിയുമായി കൈകോർത്ത്​ പുതിയ പദ്ധതി നടപ്പിലാക്കിയിരുന്നു.

Tags:    
News Summary - C.J. Roy: The face of confidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.