ശശി തരൂർ, വി.ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മുൻനിരയിൽ തന്നെ ശശി തരൂർ ഉണ്ടായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശശി തരൂരുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടികാഴ്ചക്കു പിന്നാലെ തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽ മുൻനിരയിൽ തന്നെ ശശി തരൂർ ഉണ്ടാകും, ലോകപൗരനും പ്രശസ്ത എഴുത്തുകാരനും ചിന്തകനുമെന്ന നിലയിൽ അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കാമ്പയിനിൽ അദ്ദേഹത്തിന് നിർണായക റോളുണ്ട്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ശശി തരൂരിനെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് പ്ലാനുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
പിണക്കംമാറ്റി, പാർട്ടി ലൈനിൽ തിരികെയെത്തിയ ശശി തരൂരിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്റ്റാർ കാമ്പയിനറാക്കി മാറ്റാനാണ് കോൺഗ്രസ് നീക്കം. തരൂരിനായി സി.പി.എം വലവിരിച്ചുവെന്നുള്ള വാർത്തകൾ തള്ളികൊണ്ടാണ് തിരുവനന്തപുരം എം.പിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ തരൂർ ഹൈക്കമാൻഡുമായി കൂടികാഴ്ച നടത്തി ഭിന്നതയും പിണക്കവും മാറ്റി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
കേരളത്തിൽ പ്രവർത്തിക്കാൻ കൂടുതൽ ഇടം വേണമെന്ന് തരൂർ കൂടികാഴ്ചയിൽ ആവശ്യമുന്നയിച്ചിരുന്നു. തരൂരിനെ ചേർത്തുപിടിക്കുമെന്ന് ഉറപ്പുനൽകിയ രാഹുലിനെ അദ്ദേഹം തിരുവനന്തപുരത്തെത്തിയതിനുപിന്നാലെ വാനോളം പുകഴ്ത്തിയതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.