കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈകോടതിയിൽ അപ്പീൽ നൽകി. പൾസർ സുനിക്ക് വിചാരണക്കോടതി 20 വർഷം കഠിന തടവാണ് വിധിച്ചത്. അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും തെളിവ് ശേഖരണത്തിലെ പല വീഴ്ചകളും വിചാരണക്കോടതി അവഗണിച്ചെന്നും അപ്പീലിൽ ആരോപിക്കുന്നു.
ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാത്ത സാഹചര്യത്തിൽ അതിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. മെമ്മറി കാർഡ് കണ്ടെടുത്തതും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. സാക്ഷിമൊഴികൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും പൾസർ സുനി വാദിക്കുന്നു. അപ്പീൽ അടുത്തദിവസം പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ സുനി അടക്കം ആറു പ്രതികളെയാണ് ശിക്ഷിച്ചത്. ഇതിൽ മാർട്ടിൻ, വടിവാൾ സലിം, പ്രദീപ് എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. നടൻ ദിലീപിനെയടക്കം വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് അറിയിച്ചെങ്കിലും ഇനിയും ഫയൽ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.