തിരുവനന്തപുരം: മാസപ്പടി കേസിൽ മുന്നണിയെ പ്രതിസന്ധിയിലാക്കിയ സി.പി.ഐയുടെ അപ്രതീക്ഷിത മനംമാറ്റവും തുറന്നുപറച്ചിലും അവഗണിച്ച് നിശബ്ദമാക്കാൻ സി.പി.എം. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചതൊഴിച്ചാൽ സി.പി.എം നേതാക്കളാരും പരസ്യപ്രതികരണത്തിന് മുതിർന്നില്ല. ശിവൻകുട്ടിയാകട്ടെ സ്വന്തം ഘടകകക്ഷി നേതാവിന്‍റെ ഇടപെടലുകളെ പ്രതിപക്ഷ നേതാവിന്‍റേതിന് തുല്യമെന്ന നിലയിലാണ് അവതരിപ്പിച്ചതും വിമർശനം കടുപ്പിച്ചതും. ഇതിനെ നിശബ്ദം പിന്തുണക്കുകയാണ് പാർട്ടി. സി.പി.ഐയിലെ ആഭ്യന്തര പ്രശ്നങ്ങളും സമ്മർദങ്ങളുമാണ് ബിനോയിയുടെ പ്രസ്താവനക്ക് പിന്നിലെന്നാണ് സി.പി.എം കരുതുന്നത്.
സ്വർണക്കടത്ത് കേസ് കത്തിപ്പടർന്ന കാലത്ത് എൽ.ഡി.എഫ് യോഗം ചേർന്ന് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുന്നണി നേതൃത്വത്തിൽ ഇ.ഡി ഓഫിസ് മാർച്ച് അടക്കം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സമാന പിന്തുണ ഇക്കുറി പ്രതീക്ഷിക്കേണ്ടെന്നാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്. പാലക്കാട് ബ്രൂവറി വിഷയത്തിൽ മുന്നണിക്കുള്ളിൽ കടുത്ത വിയോജിപ്പ് ഉയർത്തിയിട്ടും സി.പി.എം മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ടുപോയതിൽ സി.പി.ഐക്ക് കടുത്ത അമർഷമുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപനം നടത്തിയ പാർട്ടി സെക്രട്ടറിയെ പോലും തിരുത്തിക്കുംവിധം നേതൃയോഗങ്ങളിൽ കടുത്തവിമർശനവും വിയോജനവുമുയരാൻ കാരണം അതാണ്. മാസപ്പടി കേസിൽ മൂന്ന് വിജിലൻസ് കോടതികളിലെയും ഹൈകോടതിയിലെയും അനുകൂല വിധിയുണ്ടെന്ന സി.പി.എം വാദം അംഗീകരിക്കുന്നില്ലെന്ന സൂചനയും സി.പി.ഐ പ്രതികരണങ്ങളിലുണ്ട്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിന്‍റെയും പി.എം ശ്രീയുടെയും കാര്യത്തിൽ മാത്രമല്ല, ആശ സമരത്തിലും സി.പി.ഐക്ക് വ്യത്യസ്ത നിലപാടാണ്. സമരം ഒത്തുതീർപ്പാക്കാത്തതിൽ കടുത്ത വിമർശനമാണ് സി.പി.ഐ നേതൃയോഗങ്ങളിൽ ഉയർന്നത്. ആശ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ഇടതുമുന്നണിക്കും സർക്കാറിനും തിരിച്ചടിയാകുമെന്നാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തൽ. മുഖ്യമന്ത്രി വിചാരിച്ചാൽ വളരെ വേഗം തീർപ്പാക്കാവുന്ന വിഷയമാണ് പിടിവാശിയിൽ അനിശ്ചിതമായി നീളുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമാകുന്ന ഘട്ടത്തിൽ സമരം നീളുന്നത് രാഷ്ട്രീയ തിരിച്ചടിക്കിടയാക്കുമെന്നും സി.പി.ഐ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.