ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലും സ്ഥാന ചലനത്തിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലും സ്ഥാന ചലനങ്ങൾക്ക് കളമൊരുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസേര ഉറപ്പിക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തലപ്പത്തെ നിയമനങ്ങളിലും മാറ്റമുണ്ടാകും. നിലവിലെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് 15 മാസത്തേക്കു കൂടി സര്‍വിസുണ്ട്. പൊലീസ് മേധാവി സ്ഥാനത്ത് നിയമിതനായാല്‍ രണ്ടു വര്‍ഷത്തേക്ക് സര്‍വിസ് നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ആ സാഹചര്യത്തില്‍ റാവാഡ ഒഴിയുന്ന 2027 ജൂലൈയിലാവും യു.ഡി.എഫ് സര്‍ക്കാരിന് പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ കഴിയുക.

യോഗേഷ് ഗുപ്തയും മനോജ് ഏബ്രഹാമുമാണ് സീനിയോറിറ്റി പ്രകാരം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. ഇടതുസര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളില്‍പെട്ട എം.ആര്‍.അജിത്കുമാറും പട്ടികയിലുണ്ട്. യോഗേഷ് ഗുപ്തക്ക് നാലു വര്‍ഷവും മനോജ് ഏബ്രഹാമിന് അഞ്ച് വര്‍ഷവും സര്‍വിസുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ എ.ഡി.ജി.പി മുതല്‍ എസ്‌.ഐമാർ വരെ സമഗ്ര അഴിച്ചുപണിയുണ്ടാകും. പിണറായി സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ മാറ്റി നിര്‍ത്തിയ യോഗേഷ് ഗുപ്തയെ പ്രധാന ചുമതലയിലേക്ക് എത്താനാണ് സാധ്യത. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേഷിന് സ്ഥാനചലനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പി. വിജയനോ ദിനേന്ദ്ര കശ്യപിനോട് പകരം ചുമതല നല്‍കും. പി. വിജയന്‍ പരിഗണിക്കപ്പെട്ടാല്‍ ദിനേന്ദ്ര കശ്യപ് ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് എത്തിയേക്കും. ജയില്‍മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്കും സ്ഥാനമാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇടത് അനുകൂല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല പൊലിസ് സംഘടനകള്‍ ശക്തമായ സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് വിവരം. മുൻ ഭരണകാലത്ത് മറ്റു ജില്ലകളിലേക്ക് അകാരണമായി മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 10 വര്‍ഷമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്‌പെഷല്‍ ബ്രാഞ്ചിലും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലും ക്യാംപുകളിലും മറ്റുമായി ജോലി ചെയ്യുന്ന ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയത്. ഇവരെ കൂട്ടത്തോടെ ലോക്കല്‍ സ്‌റ്റേഷനുകളിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തകയിലുള്ളവരെ മാറ്റി. എ.ആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക്, കമീഷണർ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രധാനമായും ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിക്കുകയാണ്.

Tags:    
News Summary - Following the change of government, the stage is set for a change in the police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.