ചങ്ങനാശ്ശേരി: കൂടുവിട്ടിറങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്ന പോത്തിന്‍കുട്ടികളുടെ കൂട്ടത്തെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.ആറുമാസം പ്രായമുള്ള 16 പോത്തിൻ കുട്ടികൾ ചത്തു. വന്‍ ദുരന്തം ഒഴിവായത് തലനാഴിരക്ക്. ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപം മോര്‍ക്കുളങ്ങര 42ാം നമ്പര്‍ റെയില്‍വേ ഗേറ്റിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ച 3.50നാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നുവന്ന 16344ാം നമ്പര്‍ അമൃത എക്‌സ്പ്രസാണ് അപകടത്തിൽപെട്ടത്. പോത്തിൻകുട്ടികളുടെ മാംസാവശിഷ്ടങ്ങള്‍ എന്‍ജിനും ബോഗികള്‍ക്കും പാളത്തിനുമിടയിൽപെട്ടതോടെ ട്രെയിന്‍ നിശ്ചലമായി. മുമ്പോട്ടു നീങ്ങാനാകാത്ത അവസ്ഥയില്‍ ഒന്നരമണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു.
വാഴപ്പള്ളി കല്ലുകളം പാപ്പച്ചെൻറ ഉടമസ്ഥതയില്‍ പാലാത്രച്ചിറക്ക് സമീപമുള്ള ഫാമില്‍ വളര്‍ത്തിയിരുന്ന പോത്തിൻകുട്ടികളാണ് അപകടത്തിൽപെട്ടത്. ഇവ കൂട് തകര്‍ത്ത് കൂട്ടമായി റെയില്‍വേ ട്രാക്കിലെത്തുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പാപ്പച്ചന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ ട്രെയിനില്‍നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് അപകടത്തിെൻറ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് ചങ്ങനാശ്ശേരി, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍നിന്ന് പൊലീസും ഫയര്‍ഫോഴ്‌സും കോട്ടയത്തുനിന്ന് റെയില്‍വേ പൊലീസും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് റെയില്‍പാതയിലും എന്‍ജിനും ബോഗിക്കുമിടയില്‍ വീണ മാംസാവശിഷ്ടങ്ങൾ മാറ്റിയത്. തുടർന്ന് പാതയുടെയും എന്ജിെൻറയും പരിശോധന പൂര്‍ത്തിയാക്കി 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഫാമില്‍നിന്ന് ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ സഞ്ചരിച്ചാണ് ഇവ റെയില്‍വേ ട്രാക്കിലെത്തിയത്. സംഭവസ്ഥലത്ത് 10ഉം പിന്നീട് ഗുരുതരമായി പരിക്കേറ്റ ആറും ഉൾപ്പെടെ ട്രാക്കിലെത്തിയ മുഴുവൻ പോത്തിൻ കുട്ടികളും ചത്തു. മറ്റ് പതിനഞ്ചോളം ഫാമിലുണ്ടായിരുന്നെങ്കിലും ഇവ സമീപത്തെ കുളത്തില്‍ ഇറങ്ങിക്കിടക്കുകയായിരുന്നു. മോര്‍ക്കുളങ്ങര ഭാഗത്ത് പുലര്‍ച്ച പൈപ്പില്‍ വെള്ളം ശേഖരിക്കുന്നതിന് ആളുകള്‍ ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. റെയില്‍വേ ലിങ്കിങ് ജോലികള്‍ക്കായി ഉണ്ടായിരുന്ന ആളുകളും ഇതിൽ സജീവമായി.
സംഭവത്തെ തുടര്‍ന്ന് ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ് അരമണിക്കൂര്‍ കോട്ടയത്ത് പിടിച്ചിട്ടു. റെയില്‍വേ ആക്ട് പ്രകാരം അശ്രദ്ധക്ക് പോത്തുകളുടെ ഉടമ പാപ്പച്ചനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. പൊലീസും നാട്ടുകാരും വീട്ടിലെത്തി അറിയിച്ചപ്പോഴാണ് ഇദ്ദേഹവും വിവരം അറിഞ്ഞത്. ആര്‍.പി.എഫ് എസ്.ഐ വര്‍ഗീസ് ജേക്കബ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.