ആരോഗ്യമന്ത്രി വീണ ജോർജ്

പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം -ആരോഗ്യമന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധ നടപടികൾക്കായി മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) യോഗം ചേർന്നു. യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചത്. പക്ഷിപ്പനി കേരളത്തിൽ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എന്നിരുന്നാലും മുൻകരുതൽ എന്ന നിലയിൽ സർക്കാർ നിർദേശിച്ച ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

പക്ഷിപ്പനിയുടെ വ്യാപനത്തിൽ പാചകം ചെയ്യുന്ന മാംസം നന്നായി വേവിക്കുകയും മുട്ട കൂടുതൽ ചൂടിൽ വേവിക്കുകയും ചെയ്യണം എന്നതാണ് പ്രാഥമിക നിർദേശം. കൂടാതെ ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ നേരിട്ട് കൈകാര്യം ചെയ്യരുത്. പക്ഷികളുടെ പച്ചമാംസം, കഷ്ട്ടം (വളം ഉപയോഗം) കൈകാര്യം ചെയ്യുന്നതിൽ അപകടസാധ്യത കൂടുതലായതിനാൽ മാസ്‌ക്കുകളും കൈയുറകളും നിർബന്ധമായും ഉപയോഗിക്കണം.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതലത്തിൽ കണ്ട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പരിശീലനം ലഭിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ നേതൃത്വത്തിൽ അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ഉറപ്പാക്കാനും വീണ ജോർജ് നിർദേശിച്ചു. ഇതോടൊപ്പം പനി, ചുമ, ശ്വാസംമുട്ട്, ശക്തമായ ശരീര വേദന തുടങ്ങിയ ലക്ഷ്യങ്ങളോടെ ചികിത്സ തേടുന്നവരെ നിരീക്ഷിക്കണമെന്നും ആശുപത്രി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Caution must be exercised to prevent bird flu from spreading to humans - Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.