‘രക്ഷാപ്രവർത്തനം’: കേസ് അട്ടിമറിച്ചത് വയനാട് ദുരന്തം മറയാക്കി; എ.ഡി.ജി.പിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെ പ്രതിക്കൂട്ടിലാക്കി ഗുരുതര കണ്ടെത്തലുകൾ. കേസ് എഴുതിത്തള്ളാന്‍ വയനാട് ദുരന്തസമയം മറയാക്കിയെന്നും വ്യക്തമാകുന്നു. മാധ്യമങ്ങള്‍ വയനാട് ദുരന്തം ചര്‍ച്ചചെയ്യുന്ന സമയത്ത് കേസ് അവസാനിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ മൂന്നുദിവസം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തത്. വ്യക്തമായ തെളിവുണ്ടായിട്ടും, തെളിവില്ലെന്നും ദൃശ്യങ്ങളില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് തിരുത്തിച്ചെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയിലും റിപ്പോര്‍ട്ടിലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻന്മാർ ഉൾപ്പെടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചതിന് തെളിവില്ലെന്ന് കാണിച്ച് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് 2024 ആഗസ്റ്റ് 16നാണ്. 298 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ജൂലൈ 30ലെ ദുരന്തത്തിന്‍റെ പതിനേഴാം ദിവസം മർദനക്കേസ് എഴുതിത്തള്ളി റിപ്പോര്‍ട്ട് നല്‍കിയത് അന്ന് ക്രമസമാധാന എ.ഡി.ജി.പിയായിരുന്ന എം.ആര്‍. അജിത് കുമാറിന്‍റെ സമ്മര്‍ദം കൊണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.

വയനാട്ടിലെ രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതലയുണ്ടായിരുന്ന അജിത് കുമാര്‍ അതിനിടയില്‍ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ തന്‍റെ ഓഫിസിലേക്ക് വിളിപ്പിച്ചു. അജിത്കുമാറും തിരുവനന്തപുരത്തെത്തി. ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി എത്രയുംവേഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഇപ്പോള്‍ നല്‍കിയാല്‍ മാധ്യമങ്ങളൊന്നും അറിയില്ലെന്നും നിര്‍ദേശിച്ചതായാണ് മൊഴി. തെളിവുകള്‍ എതിരാണെന്നും ഇനിയും അന്വേഷിക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ അദ്ദേഹത്തിന്‍റെ ഓഫിസിലിരുത്തി റിപ്പോര്‍ട്ട് തിരുത്തിച്ചത്രേ. ആഗസ്റ്റ് 13 മുതൽ മൂന്നുദിവസം തിരുവനന്തപുരത്ത് താമസിപ്പിച്ച് റിപ്പോര്‍ട്ട് തിരുത്തിയെഴുതിയ ശേഷമാണ് ആലപ്പുഴയിലേക്ക് അവരെ മടക്കിയത്.

തെളിവുണ്ടെന്ന് വിശദീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഒഴിവാക്കി, പകരം പരാതിക്കാര്‍ മര്‍ദന ദൃശ്യങ്ങള്‍ ഹാജരാക്കിയില്ല, ഗണ്‍മാന്‍മാര്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രം, ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കരുതെന്ന നിയമമുണ്ട് തുടങ്ങിയ കാര്യങ്ങൾ എഴുതിച്ചേര്‍ത്തു.

അങ്ങനെയാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കേണ്ടിവന്നതെന്നാണ് അന്നത്തെ ഉദ്യോഗസ്ഥർ പ്രത്യേക സംഘത്തിന് നൽകിയ മൊഴി.കേസ് അന്വേഷിച്ച രണ്ട് ഇൻസ്പെക്ടർമാരും രണ്ട് ഡിവൈ.എസ്.പിയും ഒരു എസ്.ഐയുമാണ് അജിത് കുമാറിനെതിരെ മൊഴി നൽകിയത്. കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോർട്ടും തിരുത്തിച്ചതായാണ് ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എ.ഡി.ജി.പിക്കെതിരായ റിപ്പോർട്ടും എസ്.ഐ.ടി ഉടൻ ഡി.ജി.പിക്ക് കൈമാറും.

Tags:    
News Summary - Case sabotaged, Wayanad disaster covered up; Serious findings against ADGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.