പുനലൂർ: യുവാവിനെ സെല്ലിൽ കെട്ടിയിട്ട് മർദിച്ച ആര്യങ്കാവ് റേഞ്ചിലെ ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ എ. ജിൽസൺ, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് ഫോറസ്റ്റുകാർ എന്നിവർക്കെതിരെയാണ് കേസ്. ജിൽസണെ സ്ഥലംമാറ്റി. ആയുധം കൊണ്ടുള്ള മർദനത്തിന് വകുപ്പ് 326 പ്രകാരം ജാമ്യമില്ല കേസാണ് രജിസ്റ്റർ ചെയ്തത്. ഈ വനപാലകർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് ആര്യങ്കാവ് പുതുശ്ശേരിയിൽ വീട്ടിൽ സന്ദീപ് മാത്യുവിന് (39) മർദനമേറ്റത്. കടമാൻപാറയിലുള്ള സന്ദീപിന്‍റെ കൃഷിയിടത്തിൽ മറ്റ് രണ്ടുപേർക്കൊപ്പം ഓട്ടോയിൽ പോയി മടങ്ങുമ്പോഴാണ് സംഭവം. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഡെപ്യൂട്ടി റേഞ്ചറും സംഘവും വണ്ടി തടഞ്ഞുനിർത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്.
തുടർന്ന് ഉദ്യോഗസ്ഥർ സന്ദീപിനെ കൈയേറ്റം ചെയ്യുകയും സ്റ്റേഷനിൽ കൊണ്ടുപോയി സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊതുപ്രവർത്തകർ എത്തി സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട് തെന്മല പൊലീസ് എത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചു. സന്ദീപിന്‍റെ നെഞ്ചിലും മുഖത്തും കാര്യമായ ക്ഷേതമേറ്റെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
അതേസമയം, വനം മന്ത്രിക്ക് തെന്മല ഡി.എഫ്.ഒ നൽകിയ റിപ്പോർട്ട് വനപാലകരെ സംരക്ഷിച്ചുള്ളതായതിനാൽ പുതിയ റിപ്പോർട്ട് ഉടൻ നൽകാൻ വിജിലൻസ് സി.സി.എഫിനെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരെ ഉടൻ സ്ഥലംമാറ്റുമെന്നും മറ്റ് നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പത്തനാപുരം റേഞ്ചിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് ജിൽസണെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.