സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബറുടെ വാഹനം കസ്റ്റഡിയിലെടുത്തു

പത്തനാപുരം: സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യൂട്യൂബറുടെ വാഹനം വനംവകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അമല അനുവിന്‍റെ വാഹനമാണ് കസ്റ്റഡിയിലെടുത്തത്.

പോത്തന്‍കോട് കുളത്തിന്‍കരയിലെ ഒറ്റപ്പെട്ട വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു സംഘം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. വീടിന് സമീപം ഉപേക്ഷിച്ച നിലയിലാണ് മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്.

എട്ടുമാസം മുമ്പാണ് യൂട്യൂബ് വിഡിയോ ചിത്രീകരണത്തിനായി അമല അനു അടങ്ങുന്ന അഞ്ചംഗസംഘം മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ പ്രവേശിച്ചത്. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം നടക്കുന്നതിനിടെ കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞുവരുകയും സംഘം ഭയന്ന് ഓടുകയും ചെയ്തു. കാറില്‍ കയറി രക്ഷപ്പെടുന്നത് വരെയുള്ള ഭാഗം യൂട്യൂബിൽ അപ്​ലോഡ് ചെയ്തു. തുടർന്ന് വന്യജീവിനിയമം അനുസരിച്ച് കേസെടുക്കുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്‌.

വാഹനം കസ്റ്റഡിയിലായതോടെ പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയിലെ തിരുവില്വാമല മഹേശ്വരമംഗലത്തേക്ക് ഇവര്‍ മാറിയതായി വിവരം ലഭിച്ചിരുന്നു. അവിടെ എത്തിയപ്പോഴേക്കും സ്ഥലംവിട്ടു. സ്വന്തം മൊബൈല്‍ ഫോൺ ഉപയോഗിക്കാതെ താമസസ്ഥലത്തുള്ള മറ്റുള്ളവരുടെ ഫോണിലൂടെയാണ് ഇവര്‍ സംസാരിക്കുന്നത്.

തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫിസർ ബി. ദിലീഫ് പറഞ്ഞു. വാഹനം പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - car of YouTuber taken into custody for trespassing in the protected forest area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.