പുഴയോരത്തേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ കാർ 

വൻ താഴ്ചയിലേക്ക് കാർ മറിഞ്ഞു, പുറത്തിറങ്ങുന്നതിനിടെ പുഴയിൽ വീണ് ഒഴുകി; അവിശ്വസനീയം ഈ രക്ഷപ്പെടൽ

തൊടുപുഴ: രാത്രി വൻ താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയിൽ വീണ് 100 മീറ്ററോളം ഒഴുകിയ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇടുക്കി ചെറുതോണി സ്വദേശി അനു മഹേശ്വരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

രാത്രി 7.30ഓടെ തങ്കമണിയിൽ നിന്ന് ചെറുതോണി ഭാഗത്തേക്ക് കാറോടിച്ച് വരുകയായിരുന്നു അനു. മരിയാപുരം ഭാഗത്തുവെച്ച് എതിർദിശയിൽ അമിതവേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതും നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 70 മീറ്ററോളം താഴ്ചയിൽ പുഴയോരത്തേക്കാണ് പലവട്ടം തലകീഴായി മറിഞ്ഞ കാർ വന്നെത്തിയത്.

പുഴയോരത്ത് വീണ കാറിൽ നിന്ന് പ്രയാസപ്പെട്ട് പുറത്തിറങ്ങുന്നതിനിടെ അനു കാൽവഴുതി പുഴയിലേക്ക് വീണു. 100 മീറ്ററോളം ഒഴുകിപ്പോയ അനു പുല്ലിൽ പിടിച്ച് കരയിലേക്ക് കയറുകയായിരുന്നു. മരിയാപുരം പി.എച്ച്.സിയുടെ പിന്നിലാണ് ഇവർ ഒഴുകിയെത്തിയത്. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടി; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ, ആളപായമില്ല

തൊടുപുഴ: മൂന്നാല്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി, ആളപായമില്ല. 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ വട്ടവട ഒറ്റപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

സംസ്ഥാനത്ത് ഇന്ന് മഴക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് ഇന്ന് നിലവിലുള്ളത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. 

Tags:    
News Summary - car accident in idukki mariyapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.