എം.എ. ബേബി
കണ്ണൂർ: തെറ്റുതിരുത്തൽ ക്യാമ്പ് കൃത്യമായി നടക്കുമ്പോഴും തൊഴിലാളിവിരുദ്ധ മോഹങ്ങൾ ചിലരിൽ ഉണ്ടാകുന്നുണ്ടെന്നും അവരാണ് അധികാരം തേടി മറ്റുപാർട്ടികളിൽ ചേക്കേറുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. കണ്ണൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വഴിതെറ്റലും ചതിക്കുഴികളും ഉണ്ടാകുന്നുണ്ട്. അതിനെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണം. പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായത് അധികാര മോഹമാണ്. തങ്ങളെ വളർത്തിയ പാർട്ടിയെ അറുകൊല നടത്താൻ മെനക്കെടുന്ന പ്രസ്ഥാനത്തിനൊപ്പമാണ് അവർ സ്ഥാനമാനങ്ങൾ മോഹിച്ച് പോയത്.
പയ്യന്നൂരിൽ കണക്ക് കൃത്യമാണ്. ക്ലറിക്കൽ പിഴവ് സംഭവിച്ചാൽ തിരുത്താവുന്ന കാര്യമാണ്. കണക്ക് പരിശോധിക്കാനായി ഒരാൾക്ക് ചുമതല നൽകിയിട്ടുണ്ട്. കണക്കിൽ വീഴ്ച വരുത്തിയാൽ നടപടിയെടുക്കും. ബി.ജെ.പിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി. മറ്റ് പല സംസ്ഥാനങ്ങളിലും പഴയ കോൺഗ്രസ് നേതാക്കളാണ് നിലവിൽ ബി.ജെ.പി ജനപ്രതിനിധികൾ. ആർ.എസ്.എസ് എന്ന ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ രീതി തുടരുന്ന ബി.ജെ.പിയുമായി ഒരിടത്തും ഡീലില്ല. കോൺഗ്രസിന് സ്വാധീനമുള്ളയിടങ്ങളിൽ അവരുമായി ചേർന്ന് ബി.ജെ.പിക്കെതിരെ പോരാടും. ഇൻഡ്യ സഖ്യം തകരാതെ നിൽക്കണമെന്നാണ് സി.പി.എം തീരുമാനം.
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി ഡീലുകളെ പറ്റിയുള്ള ചോദ്യത്തിന് എസ്.ഡി.പി.ഐ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിന് അനുകൂലമല്ലെന്നും അവർ അത് തിരുത്തണമെന്നും സി.പി.എമ്മിന് അവരുമായി നീക്കുപോക്കില്ലെന്നുമായിരുന്നു മറുപടി. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികളാണെന്നും അതല്ലെങ്കിൽ അവർ മാറ്റിപറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ഒരുഘട്ടത്തിൽ വർഗീയ നിലപാട് തിരുത്തുകയും എൽ.ഡി.എഫിനെ അനുകൂലിക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് പറയുന്ന ‘ഡീൽ’ അസംബന്ധമാണ്. കേരളത്തിൽ ബി.ജെ.പിക്ക് ജനപ്രതിനിധികളെ സമ്മാനിച്ചത് കോൺഗ്രസാണ്. നാട്ടിലെ ജനകീയ വികസന വിഷയങ്ങൾ ചർച്ച ചെയ്യാതെ വഴിതിരിച്ചുവിടാനാണ് സി.പി.എം, ബി.ജെ.പി ഡീൽ ആക്ഷേപം നടത്തുന്നത്-എം.എ. ബേബി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
കാസർകോട്: കാസർകോടും മഞ്ചേശ്വരത്തും എന്ത് ഡീലാണുള്ളതെന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ പ്രതിപക്ഷ നേതാവ്. ഡീൽ ഉന്നയിച്ചത് പ്രതിപക്ഷ നേതാവാണെങ്കിൽ അദ്ദേഹത്തോട് ചോദിക്കണം. ‘രണ്ട് മണ്ഡലങ്ങളിലും ജയിക്കുമെന്ന് തനിക്കറിയാം.
എസ്.ഡി.പി.ഐ, പി.ഡി.പി എന്നീ പാർട്ടികളുമായി എൽ.ഡി.എഫ് ഡീൽ ഉണ്ടാക്കിയിരിക്കുകയാണ്. പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയുള്ള ലൈംഗികാരോപണത്തിന് നടപടിയെടുക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്? വനിതകൾക്കെതിരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. സി.പി.എം പ്രവർത്തകനാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ തയാറാക്കാനുള്ള പദ്ധതിയില്‍നിന്ന് ടാറ്റാ കണ്‍സൽട്ടന്‍സിയെ ഒഴിവാക്കിയത് ‘സിങ്കിള്‍ ബിഡര്‍’ ആയതുകൊണ്ടാണെന്ന മന്ത്രി വാസവന്റെ വാദം പച്ചക്കള്ളമാണ്’ -രമേശ് ചെന്നിത്തല പറഞ്ഞു.
വികസനത്തിലൂന്നിയുള്ള ബി.ജെ.പി പ്രചാരണം വിജയംകണ്ടെന്നും അതിനാലാണ് ഇരുമുന്നണികളും ഡീൽ വിഷയം ഉപേക്ഷിച്ചതെന്നുള്ള അവകാശവാദവുമായി ബി.ജെ.പി. ശബരിമല, വിശ്വാസസംരക്ഷണം എന്നിവ ആയുധമാക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് അവർ. അതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും വോട്ടർമാർക്കിടയിൽ സ്വാധീനം വർധിപ്പിക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.
കോൺഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികൾ രണ്ടല്ല ഒന്നാണ് എന്നാണ് ബി.ജെ.പി പ്രചാരണം. ബി.ജെ.പി പ്രചാരണതന്ത്രം തിരിച്ചറിഞ്ഞാണ് ഭരണനേട്ടവും വികസനവും പറയാൻ എൽ.ഡി.എഫ് തുടങ്ങിയതും എൽ.ഡി.എഫ് സർക്കാറിന്റെ പിടിപ്പുകേടുകൾ പറയാൻ യു.ഡി.എഫ് ആരംഭിച്ചതും. എൻ.ഡി.എ പ്രചാരണത്തിന്റെ ആരംഭം മുതൽ ഉയർത്തിയ വികസനം, സുരക്ഷ, വിശ്വാസം എന്നീ വിഷയങ്ങളിലേക്ക് രാഷ്ട്രീയ ചർച്ച മാറുകയാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
അതിനൊപ്പം ‘ഡീലുണ്ട്, അത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ’ എന്ന പ്രചാരണവും തുടരും. ബി.ജെ.പി ജയിക്കാതിരിക്കാനുള്ള ഡീലുകൾ പല മണ്ഡലങ്ങളിലും ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. യുവതീപ്രവേശന വിഷയത്തിൽ പിണറായി സർക്കാർ സുപ്രീംകോടതിയിൽ നിലപാട് മാറ്റിയതുൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും വരും ദിവസങ്ങളിൽ പ്രചാരണത്തിനുപയോഗിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.