തിരുവനന്തപുരത്തെ യുവതിയുടെ മരണത്തിൽ ഭർത്താവ് അതുൽ കസ്റ്റഡിയിൽ; 50 പവൻ സ്വർണം വിറ്റുതീർത്തു, മർദനത്തിന്റെ പാടുകൾ അമ്മക്ക് യുവതി അയച്ചുകൊടുത്തു

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വർക്കല സ്വദേശിനി ആരതിയുടെ മരണത്തിൽ ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുലിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രേരണാകുറ്റം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുക്കും.

വർക്കല സ്വദേശിനി ആരതിയെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അതുലിനെതിരെ ആരതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അതുലിന്റെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ആരതിയുടെ അമ്മ പറഞ്ഞു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ആരതി അയച്ച് തന്നിരുന്നുവെന്നും, മദ്യപിച്ചെത്തിയ ശേഷമായിരുന്നു രാത്രിയിലെ മര്‍ദനമെന്നും അവർ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്റെ പീഡനം വിവരിക്കുന്ന ആരതിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു.

ആറ്റുകാലില്‍ വാടകക്ക് താമസിക്കുകയായിരുന്നു ആരതിയും അതുലും. വെള്ളിയാഴ്ച രാത്രിയും അതുൽ ആരതിയെ ​ക്രൂരമായി മർദിച്ചിരുന്നു. ഇതിനു ശേഷമാണ് ആരതി ജീവനൊടുക്കിയത്. മരിക്കുന്നതിനു മുമ്പ് ആരതി അമ്മയെ വിളിച്ച് മർദനത്തിന്റെ വിവരങ്ങൾ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

വിവാഹസമയത്ത് 50ഓളം പവന്‍ സ്വര്‍ണം ആരതിക്ക് നല്‍കിയിരുന്നുവെന്നും ഇതെല്ലാം അതുല്‍ പണയം വെക്കുകയും വില്‍ക്കുകയും ചെയ്തതായും കുടുംബം പറയുന്നു. തുടർന്നും ഇയാൾ പണം ആവശ്യപ്പെട്ട് ഉള്‍പ്പെടെ ആരതിയെ ഉപദ്രവിച്ചിരുന്നു.

വിവാഹത്തിനു മുമ്പ് ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇരുവരുടെയും വിവാഹനിശ്ചയത്തിനു പിന്നാലെ ആ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇക്കാര്യം

തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതും ആരതിയും അതുലും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - domestic violence kerala woman death Husband in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.