കൊച്ചി: യു.എസ്-ഇറാൻ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ വൻ ഇടിവുണ്ടാക്കി. ഈ വർഷം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കണക്ക് പ്രകാരം കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള കയറ്റുമതി 33.30 ശതമാനവും കരിപ്പൂർ വഴിയുള്ളത് 55.35 ശതമാനവും കുറഞ്ഞതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ 3146.9 മെട്രിക് ടണ്ണും ഏപ്രിലിൽ 4370.7 മെട്രിക് ടണ്ണും മേയിൽ 4563.6 മെട്രിക് ടണ്ണുമായിരുന്നു കൊച്ചിവഴി കയറ്റുമതി. എന്നാൽ, ഈ വർഷം ഇത് യഥാക്രമം 2001 മെട്രിക് ടൺ, 2992 മെട്രിക് ടൺ, 3065 മെട്രിക് ടൺ എന്നിങ്ങനെ കുറഞ്ഞു. മാർച്ച്-മേയ് കാലയളവിൽ കൊച്ചിയിലെ കയറ്റുമതി കഴിഞ്ഞ വർഷത്തെ 12081.2 മെട്രിക് ടണ്ണിൽനിന്ന് 8085 ആയി ഇടിഞ്ഞു.
കരിപ്പൂരിൽനിന്ന് കഴിഞ്ഞ വർഷം മാർച്ചിൽ 2900.96 മെട്രിക് ടൺ, ഏപ്രിലിൽ 3818.93 മെട്രിക് ടൺ, മേയിൽ 3384.42 മെട്രിക് ടൺ എന്നിങ്ങനെയായിരുന്നു കയറ്റുമതി. ഇത്തവണ യഥാക്രമം 1353.2 മെട്രിക് ടൺ, 1690.52 മെട്രിക് ടൺ, 1467.96 മെട്രിക് ടൺ എന്നിങ്ങനെയാണ്. ഏപ്രിൽ-മേയ് കാലയളവിലെ കരിപ്പൂരിലെ കയറ്റുമതി കഴിഞ്ഞവർഷത്തെ 10104.31 മെട്രിക് ടണ്ണിൽനിന്ന് 4511.68 മെട്രിക് ടണ്ണായാണ് കുറഞ്ഞത്.
കൊച്ചിയിൽനിന്ന് പച്ചക്കറിയും കരിപ്പൂരിൽനിന്ന് പച്ചക്കറിയും പഴങ്ങളും പൂക്കളുമാണ് കൂടുതലായും കയറ്റുമതി ചെയ്തത്. ഈ വർഷം മാർച്ചിൽ മുളക്, കയർ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി കൂടിയപ്പോൾ ഏലം, കോട്ടൺ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടേത് കുറഞ്ഞു. വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതായി എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.