തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടരമാസത്തിനുള്ളിൽ പിണറായി വിജയൻ സർക്കാർ 22 പുതിയ ബാറുകൾ അനുവദിച്ച സംഭവം അന്വേഷിച്ചേക്കും. ജനുവരിയിൽ ഒമ്പതും ഫെബ്രുവരിയിൽ മൂന്നും മാർച്ചിൽ പത്തും ബാറുകൾക്കാണ് ലൈസൻസ് നൽകിയത്. ബാറുകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചത് ഫെബ്രുവരിയിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാറുകൾക്ക് അനുകൂലമായി അതിവേഗ ഫയൽ നീക്കം നടത്തിയതാണ് അന്വേഷിക്കുന്നത്. അതേസമയം, ബാറുകളുടെ സമയം ഒരുമണിക്കൂർ ദീർഘിപ്പിച്ചത് പുനഃപരിശോധിച്ചേക്കും. ബാർ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ പുതിയ കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 903 ആണ്. അതേസമയം, ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുമില്ല. ബാറുടമകളെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെന്നാണ് വിമർശനം.
എന്നാൽ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. 512 ത്രീ സ്റ്റാർ ഹോട്ടലുകൾക്കും 308 ഫോർ സ്റ്റാർ ഹോട്ടലുകൾക്കും 57 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും 26 ഹെറിറ്റേജ് ഹോട്ടലുകൾക്കുമാണ് ഇപ്പോൾ ബാർ ലൈസൻസുള്ളത്. ബിവറേജസ് കോർപറേഷന് കീഴിൽ 285 ഉം കൺസ്യൂമർഫെഡിന് കീഴിൽ 46 ഉം മദ്യവിൽപനശാലകളാണ് ഉള്ളത്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ ബാറുകൾ ഏറെക്കുറെ പൂട്ടിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ത്രീസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബാറുകൾക്ക് വീണ്ടും ബാർ പദവി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.