തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപം സ്വർണം പൂശലുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയംഗങ്ങളെയും പ്രതിചേർക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി). 2025ൽ നടന്ന നടപടികളുമായി ബന്ധപ്പെട്ടാണ് ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായിരുന്ന എ. അജികുമാർ, പി. സന്തോഷ് കുമാർ എന്നിവരെകൂടി പ്രതികളാക്കാൻ നീക്കം തുടങ്ങിയത്. നിലവിൽ ആറു പ്രതികളാണുള്ളത്. മൂന്നുപേരെകൂടി ചേർക്കുന്നതോടെ ഒമ്പത് പ്രതികളാകും.
സന്തോഷ് കുമാർ നിലവിലെ ഭരണസമിതിയിലും അംഗമാണ്. ഒമ്പത് പ്രതികളുണ്ടാകുമെന്ന് എസ്.ഐ.ടി ഹൈകോടതിയെ അറിയിച്ചിട്ടുമുണ്ട്. ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ 2025ലെ ഭരണസമിതി അനാവശ്യ തിടുക്കം കാണിച്ചതായും ഭരണപരമായ വീഴ്ച സംഭവിച്ചതായും എസ്.ഐ.ടി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപത്തിന് പിന്നാലെ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഇളക്കി പണിനടത്താൻ അന്നത്തെ ദേവസ്വം ബോർഡ് പദ്ധതിയിട്ടെന്ന വിവരങ്ങളും എസ്.ഐ.ടിക്ക് ലഭിച്ചു.
സ്പെഷൽ കമീഷണറെ അറിയിക്കാതെ ദ്വാരപാലക ശിൽപം അഴിച്ച് സ്വർണംപൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ കൊടുത്തുവിട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് ബോർഡ് ഈ തീരുമാനമെടുത്തത്. ഇതിനായി ഹൈകോടതി അനുമതിക്ക് അപേക്ഷ നൽകാനും ബോർഡ് യോഗത്തിൽ തീരുമാനമുണ്ടായെന്ന് എസ്.ഐ.ടി കണ്ടെത്തി.
വാതിലിന്റെ ഏതാനും സ്ക്രൂ ഇളകിയത് കാരണമാക്കിയാണ് അറ്റകുറ്റപ്പണിക്ക് പദ്ധതിയിട്ടത്. ഈയിടെ മരിച്ച കേസിലെ പ്രതിയും ഡെപ്യൂട്ടി ദേവസ്വം കമീഷണറുമായിരുന്ന മുരാരി ബാബുവാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ബോർഡിൽ സമർപ്പിച്ചത്. അത് അംഗീകരിച്ചുള്ള നീക്കമാണ് ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായത്.
അതിനിടെ, ഏത് അന്വേഷണവും നടക്കട്ടേയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം. താൻ അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിയേ നടക്കട്ടെ, സഹകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.