വംശീയ കലാപത്തിന് ആഹ്വാനം; തീവ്ര ഹിന്ദുത്വ നേതാവ് പ്രതിഷ് വിശ്വനാഥനെതിരെ ഡി.ജി.പിക്ക് പരാതി

സമൂഹമാധ്യമങ്ങളിൽ വംശീയ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രകോപന പോസ്റ്റിട്ട അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ ഡി.ജി.പിക്ക് പരാതി. അഭിഭാഷകനായ അനൂപ് വി. ആർ ആണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആർ.എസ്.എസിനെതിരെ മുദ്രാവാക്യം മുഴക്കിയത് വൻ വിവാദമായിരുന്നു. ഇതേ തുടർന്നാണ് പ്രതീഷ് കൊലവിളിയുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനെതിരെയാണ് പരാതി.

പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന സർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതീഷ് വിശ്വനാഥന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം അരിയും മലരും ഉഴിഞ്ഞുവച്ചു, ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി എന്ന് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പ്രകോപനമുണ്ടാക്കുന്ന ചിത്രങ്ങൾ സഹിതമായിരുന്നു കുറിപ്പ്. നേരത്തെ പലതവണ പ്രകോപന പ്രസ്താവനകൾ നടത്തിയ ഇദ്ദേഹത്തിനെതിരെ പരാതികൾ നൽകിയിരുന്നുവെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ബി.ജെ.പി ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തുന്ന പ്രതീഷ് എറണാകുളം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മുൻപ് സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിച്ചിരുന്നു ഇയാൾ. ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ആയുധമെടുത്ത് പോരാടാൻ പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയെല്ലാം നിരവധി തവണ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ഫേസ് ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥനെതിരെ ഡി.ജി.പിക്ക് പരാതി നൽകി. മുൻപ് പലതവണ ആയുധ പ്രദർശനം അടക്കം നടത്തിയിട്ടും പല തവണ പരാതികൾ നൽകപെട്ടിട്ടും, നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടി ആണ് ഇപ്പോൾ പരാതി നൽകിയത്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പരാതിയിൽ പെട്ടെന്ന് അറസ്റ്റുകളടക്കം ഉണ്ടായ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടും ആർ.എസ് എസും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന സർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതീഷ് വിശ്വനാഥന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ പരാതി.'

Tags:    
News Summary - Call for riots; files complaint against extremist Hindutva leader Pratish Vishwanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.