കാലിക്കറ്റ് ഡി.എസ്.യു തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റും നിലനിർത്തി എസ്.എഫ്.ഐ

തേഞ്ഞിപ്പലം: വിവാദങ്ങൾക്കിടെ ഹൈകോടതി ഉത്തരവുപ്രകാരം നടത്തിയ കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്മെൻറ് സ്റ്റുഡൻറ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. ഒമ്പതു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇംഗ്ലീഷ് പഠനവിഭാഗം രണ്ടാം വർഷ വിദ്യാർഥി ടി.വി. അമർദേവ് (ചെയർമാൻ), സ്റ്റാറ്റിസ്റ്റിക്സ് പഠന വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനി പി. റിസ്‍വാന ഷെറിൻ (വൈസ് ചെയർമാൻ), ഫോക് ലോർ ഒന്നാം വർഷ വിദ്യാർഥി കെ. സബാഹ് തൻവീർ (സെക്രട്ടറി), ഹിന്ദി ഒന്നാം വർഷ വിദ്യാർഥി ജി. ഗോപിക (ജോ. സെക്രട്ടറി), ഫിലോസഫി ഒന്നാം വർഷ വിദ്യാർഥി കെ.എൻ. നൗഫൽ, എം.കോം രണ്ടാം വർഷ വിദ്യാർഥി പി.യു. റിജു കൃഷ്ണൻ (യു.യു.സിമാർ), പൊളിറ്റിക്കൽ സയൻസ് രണ്ടാം വർഷ വിദ്യാർഥി കെ.ജെ. ശ്രീകല (ഫൈൻ ആർട്സ് സെക്രട്ടറി), എം.എ കംപാരറ്റിവ് ലിറ്ററേച്ചർ വിദ്യാർഥി കെ.ടി. ഹാത്തിഫ് (ജനറൽ ക്യാപ്റ്റൻ), മലയാളം ഒന്നാം വർഷ വിദ്യാർഥിനി ജെ. നയന (ചീഫ് സ്റ്റുഡൻറ് എഡിറ്റർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബർ പത്തിന് നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും സംഘർഷക്കേസിൽ യു.ഡി.എസ്.എഫ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വേട്ടയാടുകയാണെന്നും ആരോപിച്ച് യു.ഡി.എസ്.എഫ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്.എഫ്.ഐക്കു പുറമെ ഫ്രറ്റേണിറ്റി മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

കെമിസ്ട്രി പഠനവിഭാഗം അധ്യാപകനായ റിട്ടേണിങ് ഓഫിസർ ഡോ. എബ്രഹാം ജോസഫാണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്. വൈസ് ചാൻസലർ നിയോഗിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകരുമുണ്ടായിരുന്നു. ഹൈകോടതി ഉത്തരവുപ്രകാരമുള്ള തെരഞ്ഞെടുപ്പായതിനാൽ ശക്തമായ പൊലീസ് കാവലിൽ നിരീക്ഷണ കാമറകളടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.

Tags:    
News Summary - Calicut DSU elections; SFI retains all seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.