തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പരാധീനതകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാൻ ‘പെട്ടിക്കഥ’ നിരത്തിയുള്ള പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും അസാധാരണ വാർത്തസമ്മേളന നാടകം മണിക്കൂറുകൾക്കകം പൊളിഞ്ഞു.
കാണാതായ ഉപകരണമടങ്ങിയ പെട്ടി ഡോ. ഹാരിസിന്റെ മുറിയിൽനിന്ന് ബില്ലടക്കം കണ്ടെത്തിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു തിരക്കിട്ട് നടത്തിയ വാർത്തസമ്മേളനത്തിലെ വെളിപ്പെടുത്തൽ.
തകരാറിലായ നെഫ്രോസ്കോപ്പ് അറ്റകുറ്റപ്പണിക്കായി കൊച്ചിയിലേക്ക് അയച്ചിരുന്നെന്നും ഭാരിച്ച തുക ചെലവുള്ളതിനാൽ അറ്റകുറ്റപ്പണി ചെയ്യാതെ കൊറിയറിൽ തിരിച്ചയച്ചതാണെന്നും കണ്ടെത്തിയതോടെയാണ് അധികൃതരുടെ വാദങ്ങൾ പൊളിഞ്ഞത്. ഇക്കാര്യം കൊച്ചിയിലെ സ്ഥാപന ഉടമയും സ്ഥിരീകരിച്ചു. കാണാതായെന്ന് അധികൃതർ പറഞ്ഞ മോസിലോസ്കോപ്പ് ആയിരുന്നില്ല ഇതെന്നും തെളിഞ്ഞു.
അവധിയിലായിരുന്ന ഹാരിസിന്റെ മുറിയിൽ മൂന്നുവട്ടം പരിശോധന നടത്തിയെന്നും ആദ്യ രണ്ടുതവണയും കാണാത്ത ഉപകരണം കഴിഞ്ഞദിവസം പെട്ടെന്ന് കണ്ടെത്തുകയായിരുന്നെന്നും ഇത് കൊണ്ടുവെച്ചയാളുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ അവ്യക്തമായി പതിഞ്ഞെന്നുമായിരുന്നു പ്രിൻസിപ്പലും സൂപ്രണ്ടും വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. ഡോക്ടറെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള സർക്കാർ ശ്രമങ്ങളുടെ ഒടുവിലത്തേതായിരുന്നു പെട്ടിക്കഥ.
ഡെലിവറി ചെലാൻ പർച്ചേസ് ബില്ലാക്കി
തിരിച്ചയച്ചപ്പോൾ കമ്പനി കൊറിയർ ബോക്സിൽ ഡെലിവറി ചെലാൻ വെച്ചിരുന്നു. വസ്തുത ഇതായിരിക്കെയാണ് ‘കാണാതായ ഉപകരണം ആഗസ്റ്റ് രണ്ടിന് ഹാരിസ് പുതുതായി വാങ്ങിയെന്നതരത്തിൽ ‘ദുരൂഹമായി ബോക്സ് കണ്ടെത്തി’യെന്ന് സൂപ്രണ്ടും പ്രിൻസിപ്പലും വെളിപ്പെടുത്തിയത്. ഇതിനായി സർവിസ് കമ്പനിയുടെ ഡെലിവെറി ചെലാൻ ഉപകരണം പുതുതായി വാങ്ങിയതിന്റെ ബില്ലായി അവതരിപ്പിക്കുകയും ചെയ്തു. പുതുതായി കണ്ടെത്തിയ ഉപകരണത്തിന്റെ ഫോട്ടോ പഴയ ഫോട്ടോയുമായി യോജിക്കുന്നില്ലെന്ന സംശയവും നിരത്തി. ഡോ. ഹാരിസിന്റെ ഓഫിസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാത്തവർ മുറിയിൽ കയറിയിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പൽ ആവർത്തിച്ചത്. ഫോണിൽ ആരാഞ്ഞാൽ പോലും ദൂരീകരിക്കാവുന്ന സംശയമാണ് വാർത്തസമ്മേളനത്തിലേക്കും പിന്നാലെ ആരോഗ്യവകുപ്പിനെ നാണക്കേടിലാക്കുന്നതിലേക്കും നയിച്ചത്.
ഉപകരണം കാണാതായെന്ന കാര്യം വിദഗ്ധ സമിതിയാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ, ഉപകരണം നഷ്ടപ്പെട്ടില്ലെന്നും ആശുപത്രിയിൽതന്നെ ഉണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു മുറി തുറന്നുള്ള പരിശോധനയും നാടകീയ വാർത്തസമ്മേളനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.