തിരുവനന്തപുരം: പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ച ടി.കെ. ഗോവിന്ദന്റെ ‘കണ്ണൂർ കലാപ’ത്തെ രാഷ്ട്രീയ നേട്ടമാക്കാനുള്ള തന്ത്രങ്ങളുമായി യു.ഡി.എഫ് . തളിപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നയാളെ പിൻവലിച്ച് ടി.കെ. ഗോവിന്ദന് പിന്തുണ നൽകാനുള്ള സാധ്യതയാണ് യു.ഡി.എഫ് പരിശോധിക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണൂർ രാഷ്ട്രീയ കോട്ട എന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന സംഘടനായന്ത്രം കൂടിയാണ്. ഒഞ്ചിയത്തെ ആർ.എം.പി മാതൃകയിൽ ബദൽ മുന്നേറ്റം കണ്ണൂരിൽ രൂപപ്പെടുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കാൻ പര്യാപ്തമാണെന്നാണ് യു.ഡി.ഫ് കണക്കുകൂട്ടൽ. ഇതാകട്ടെ, സംസ്ഥാനവ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഒപ്പം സ്ഥാനാർഥി പ്രഖ്യാപനത്തിലെ തങ്ങളുടെ അനിശ്ചിതത്വങ്ങളെ മറച്ചുപിടിക്കാനും പുതിയ സഹചര്യങ്ങളെ യു.ഡി.എഫ് ഉപയോഗിക്കുകയാണ്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സി.പി.എമ്മിനെതിരെ തുറന്നടിക്കുകയും പയ്യന്നൂരിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ സ്വന്തം സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പിയുടെ തീരുമാനം. പിന്നാലെയാണ് തളിപ്പറമ്പിലും സമാന രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നത്. സാമ്പത്തിക അഴിമതിയും കുടുംബവാഴ്ചയും ഉയർത്തിക്കൊണ്ടുള്ള ടി.കെ. ഗോവിന്ദന്റെ പ്രചാരണം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച ആയുധമായി മാറും.
മറുഭാഗത്ത്, നിർണായക തെരഞ്ഞെടുപ്പു കാലത്ത് രണ്ടു മാസത്തിനിടെ രണ്ടു നേതാക്കൾ പാർട്ടിക്കെതിയെ യുദ്ധം പ്രഖ്യാപിച്ചെന്ന് മാത്രമല്ല, അവർ സ്വതന്ത്രരായി മത്സരിക്കാനുറച്ചതും യു.ഡി.എഫ് പിന്തുണ നൽകുന്നതും സി.പി.എമ്മിനെ കുഴപ്പിക്കുന്നു. സി.പി.എമ്മിൽനിന്ന് പുറത്താക്കിയെങ്കിലും അച്ചടക്ക നടപടികൊണ്ട് മാത്രം അതിജീവിക്കാൻ കഴിയാത്തവിധം രൂക്ഷമാണ് സാഹചര്യങ്ങൾ. സി.പി.എം സാധാരണ വിമതരെ നേരിടുന്നത് അവരെ ‘വർഗവഞ്ചകൻ’ എന്നോ ‘അവസരവാദി’ എന്നോ മുദ്രകുത്തിയാണ്.
ടി.കെ. ഗോവിന്ദൻ പാർലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടെന്നും തളിപ്പറമ്പ് സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് അദ്ദേഹം കലാപം നടത്തുന്നതെന്നുമാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. പാർട്ടി നൽകിയ സ്ഥാനമാനങ്ങൾ അനുഭവിച്ചശേഷം അവസരം ലഭിക്കാത്തപ്പോൾ പിന്നിൽനിന്ന് കുത്തുന്ന വഞ്ചകനായി അദ്ദേഹത്തെ ചിത്രീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.