കൊച്ചി: പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നിൽ ലൈംഗിക പീഡന പരാതി. ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നുവെന്നും രാജിക്ക് പിന്നിൽ ഇതും ഒരു കാരണമാണെന്നും ഫൗണ്ടേഷൻ ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു.
ബിനാലെ സഹസ്ഥാപകനും ഫൗണ്ടേഷൻ അംഗവുമായ ബോസ് കൃഷ്ണമാചാരി ജനുവരി 14നാണ് രാജിവെച്ചത്. ഡിസംബർ 12ന് ബിനാലെ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴാണിത്. കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ, ജനുവരി മൂന്നിന് ബിനാലെയുടെ ആഭ്യന്തര പരാതിപരിഹാര സമിതിക്കും (ഐ.സി.സി) സി.ഇ.ഒക്കും യുവതി പരാതി നൽകിയിരുന്നു. ബോസ് കൃഷ്ണമാചാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതിൽ ഉന്നയിച്ചത്.
ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ഔദ്യോഗിക കാര്യങ്ങൾക്കെന്ന് കരുതിയാണ് ഫോർട്ടുകൊച്ചിയിലെ അപ്പാർട്ട്മെന്റിലെത്തിയത്. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന്, അദ്ദേഹം ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
ഐ.സി.സി വിളിച്ചുചേർത്ത് വിഷയം അന്വേഷിക്കണമെന്നും ബോസ് കൃഷ്ണമാചാരിയെ സ്ഥലംമാറ്റണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. പരാതി ലഭിച്ചിരുന്നെന്നും ഐ.സി.സിയിൽ ചർച്ച ചെയ്തെന്നും വി. വേണു പറഞ്ഞു. പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹറാസ്മെന്റ് (പോഷ്) നിയമപ്രകാരം അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ നടപടി പുരോഗമിക്കുകയാണെന്നും വേണു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.