കോട്ടയം: നേമം നിയമസഭാമണ്ഡലം തിരിച്ചുപിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തന്നെ രംഗത്തിറക്കാൻ ബി.ജെ.പി. നേമം ഉൾപ്പെടെ വിജയസാധ്യതയുള്ള 40 ഓളം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. വോട്ട്വിഹിതത്തിൽ ചെറിയ വർധനവുണ്ടായാൽ പല മണ്ഡലങ്ങളിലും വിജയിക്കാമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്ക്.
ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾക്കായി ‘മിഷൻ 2025’ എന്ന പേരിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. നേരത്തെ ഒ. രാജഗോപാൽ വിജയിച്ച മണ്ഡലമാണ് നേമം. ശക്തമായ ത്രികോണ മൽസരമുണ്ടായാൽ മണ്ഡലത്തിൽ വീണ്ടും താമര വിരിയുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെച്ച രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താനായതും ആത്മവിശ്വാസം വർധിപ്പിക്കുന്നു. നേമം, അല്ലെങ്കിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെവിടെയെങ്കിലും രാജീവ് സ്ഥാനാർഥിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും. വർഷങ്ങളായി മണ്ഡലത്തിൽ താമസിച്ച് പ്രവർത്തിക്കുകയാണ് മുരളീധരൻ.
ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാലിനെ വട്ടിയൂർക്കാവിലോ തൃശൂരിലോ സ്ഥാനാർഥിയാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. സംസ്ഥാന ജന.സെക്രട്ടറി അഡ്വ. എസ്. സുരേഷ് പാറശാലയിലോ കോവളത്തോ സെക്രട്ടറി വി.വി. രാജേഷ് നെടുമങ്ങാടോ, വട്ടിയൂർക്കാവിലോ, നടൻ ജി. കൃഷ്ണകുമാർ തിരുവനന്തപുരത്തോ സ്ഥാനാർഥിയാകണമെന്നാണ് പാർട്ടിയിൽ നിന്നുള്ള ആവശ്യം. ജില്ലാ പ്രസിഡന്റ് കരമന ജയൻ അരുവിക്കരയിലും, പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും ചെങ്കൽ രാജശേഖരൻ നെയ്യാറ്റിൻകരയിലോ പാറശാലയിലോ വൈസ്പ്രസിഡന്റ് അഡ്വ. പി. സുധീർ ആറ്റിങ്ങലിലോ സ്ഥാനാർഥിയായേക്കും.
ചിറയിൻകീഴിൽ വനിതാസ്ഥാനാർഥിയെയാണ് പരിഗണിക്കുന്നത്. ബി.ജെ.പിയിലേക്ക് എത്തിയ ഷോൺ ജോർജ്, പി.സി. ജോർജ് എന്നിവരും സ്ഥാനാർഥികളാകും. പൂഞ്ഞാർ, കോട്ടയം എന്നിവിടങ്ങളിലാണ് ഷോണിന്റെ പേരുള്ളത്. ജോർജ് തയാറായാൽ പൂഞ്ഞാറിൽ സ്ഥാനാർഥിയാകുമെന്നും വിവരമുണ്ട്. കൊല്ലം ചാത്തന്നൂരിലും കൊട്ടാരക്കരയിലും വിജയസാധ്യതയുള്ള മികച്ച സ്ഥാനാർഥിയെ നിയോഗിക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ മലമ്പുഴയിലും ജന.സെക്രട്ടറി എം.ടി. രമേശ് കോഴിക്കോടും അഡ്വ. ബി. ഗോപാലകൃഷ്ണൻ ഒല്ലൂരും നാഗേഷ് പുതുക്കാടും ജന.സെക്രട്ടറി ശോഭസുരേന്ദ്രൻ തൃശൂർ അല്ലെങ്കിൽ പാലക്കാട് മണ്ഡലത്തിലും സ്ഥാനാർഥിയാകുമെന്നാണ് വിവരം. ശോഭയെ ആലപ്പുഴയിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമുണ്ട്. മുൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തോ കോന്നിയിലോ മൽസരിക്കും.
സന്ദീപ് വാചസ്പതിയുടെ പേരാണ് അമ്പലപ്പുഴയിൽ പരിഗണനയിലുള്ളത്. യുവമോർച്ച പ്രസിഡന്റ് മനുപ്രസാദ്, മഹിളാമോർച്ച പ്രസിഡന്റ് നവ്യഹരിദാസ്, വിവിധ മോർച്ച പ്രസിഡന്റുമാരായ സുമിത്ജോർജ്, ഷാജുമോൻ വട്ടേക്കാട്, പ്രേമൻമാസ്റ്റർ, മുകുന്ദൻ പള്ളിയറ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥി പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.