1.ചാ​ലി​യ​ത്ത് യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി. ​വി. അ​ൻ​വ​ർ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു 2. അ​ഡ്വ. പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് വോ​ട്ട​ർ​മാ​ർ​ക്കൊ​പ്പം 3.അ​ഡ്വ. പ്ര​കാ​ശ് ബാ​ബു​വി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം

പോര് മുറുക്കി ബേപ്പൂർ

ബേപ്പൂർ: എൽ.ഡി.എഫിന് ഉറച്ച പ്രതീക്ഷയുള്ള ബേപൂർ മണ്ഡലത്തിൽ പി.വി. അൻവറിനെയിറക്കി ഇഞ്ചോടിഞ്ച് പോരാടുകയാണ് യു.ഡി.എഫ്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങളും, നാട്ടിലെ സൗഹൃദ ബന്ധങ്ങളും ഇടതുപക്ഷത്തിന്റെ ശക്തിയും മുൻനിർത്തി എതിർ സ്ഥാനാർഥി ഉന്നയിക്കുന്ന വികസന പിന്നോക്കാവസ്ഥ ജനങ്ങൾ വിശ്വസിക്കില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നാലര പതിറ്റാണ്ടിന്റെ ചരിത്രത്തിൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ ബേപ്പൂരിൽ ചരിത്രം വഴിമാറി ഇടതു കൊടി താഴ്ത്തിക്കെട്ടുമെന്ന് യു.ഡി.എഫ് സ്വതന്ത്രൻ പി. വി. അൻവറും പറയുന്നു.തുടക്കം മുതൽ തന്നെ ബേപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. പ്രചാരണ രംഗത്ത് ഇഞ്ചോടിഞ്ച് മുന്നേറുമ്പോഴും അടിയൊഴുക്കുകൾ ആർക്ക് അനുകൂലമാവുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ.

മണ്ഡലം രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. ഇവിടെയാണ് യു.ഡി.എഫ് സ്വതന്ത്രൻ വെല്ലുവിളിയുമായി അരങ്ങ് തകർക്കുന്നത്. അൻവറിന്റെ സ്ഥാനാർഥിത്വം യു.ഡി.എഫ് ക്യാമ്പിൽ വലിയ ആവേശവും പ്രതീക്ഷയും ഉയർത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി അനായാസം ജയിച്ചു കയറാമെന്ന റിയാസിന്റെ ആത്മവിശ്വാസത്തിന് കനത്ത വെല്ലുവിളി ഉയർത്താൻ പി. വി. അൻവറിന് സാധിച്ചുവെന്നാണ് പൊതുവായ വിലയിരുത്തൽ. ഒന്നര മാസത്തോളം വിവിധ മേഖലകൾ സന്ദർശിച്ച് അടിസ്ഥാന വികസന രംഗത്ത് മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ അടിവരയിട്ട് നിരത്തി പ്രചാരണ രംഗത്ത് അൻവർ മുന്നേറിയത് ജനങ്ങൾ ഏറ്റെടുത്തുവെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് .

എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ റിയാസും അൻവറും നേർക്ക് നേർ ഏറ്റുമുട്ടുന്ന നിലയിലാണ് കാര്യങ്ങൾ. മണ്ഡലത്തിൽ പ്രധാന പ്രചാരണ വിഷയമാകേണ്ട വികസന കാര്യങ്ങൾ ചർച്ചയാക്കാതെ അവസാന റൗണ്ടിൽ നുണപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുന്നതായി അൻവറും റിയാസും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിക്കഴിഞ്ഞു. ഇടത് പാളയം വിടുമ്പോൾ അൻവർ ഉന്നയിച്ച രണ്ട് പദങ്ങളാണ് പിണറായിസവും മരുമോനിസവും. ഇത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലക്ക് റിയാസിന്റെ അപ്രമാദിത്വത്തെയും സൂപ്പർ മുഖ്യമന്ത്രിയെന്ന നിലക്ക് റിയാസിന് ലഭിക്കുന്ന അമിതാധികാരത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും ഇതിൽ എവിടെയാണ് വ്യക്തിഹത്യയെന്നും അൻവർ തിരിച്ചടിക്കുന്നു. നവകേരള സദസ്സിന് വേണ്ടി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് കരാറുകാരിൽ നിന്ന് നേരിട്ട് പണം വാങ്ങിയിട്ടുണ്ടെന്നും ടൂറിസത്തിന്റെ മറവിൽ ബേപ്പൂരിലും ചാലിയത്തും ബാറിന് അനുമതി നൽകാനുള്ള നീക്കം നടത്തിയതായും അൻവർ ആരോപിക്കുന്നു. റിയാസിനെതിരെ അൻവർ ഉന്നയിച്ച പുതിയ ആരോപണങ്ങൾ വലിയ ചർച്ചയായിക്കഴിഞ്ഞു. അൻവറിനെ സ്വന്തം മണ്ഡലത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവനും ഇ.ഡി.യുടെ നിരീക്ഷണത്തിലുള്ളവനും അനധികൃത സമ്പാദ്യത്തിന്റെ ഉടമയാണെന്നും മറ്റുമുള്ള പ്രചാരണങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്.ബേപ്പൂർ തുറമുഖത്തിന്റെ ശോചനീയാവസ്ഥ, ചാലിയം ഫിഷ് ലാന്റിന്റെ നിർമാണം നടക്കാത്തത്, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ വീട് നിർമ്മിക്കാൻ കഴിയാത്ത പ്രശ്നം, തീരദേശ നിയമത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങൾക്ക് നിർമാണാനുമതി ലഭിക്കാത്ത്, ഉന്നത പഠനത്തിന് സർക്കാർ കോളജ് ഇല്ലാത്ത വിഷയം, ബേപ്പൂർ - ചാലിയം മേൽപ്പാലം നിർമിക്കാത്തത്, ജങ്കാർ യാത്രക്കാർക്ക് വെയ്റ്റിങ് ഷെഡ് ഇല്ലാത്തത്, മാറാട് സ്പർശം പദ്ധതി നാശത്തിലാക്കിയത്, തുടങ്ങി സാധാരണക്കാരെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെട്ടുള്ള അൻവറിന്റെ പ്രചാരണം ജനങ്ങളെ സ്വാധീനിക്കുമോയെന്ന ഭയത്തിലാണ് ഇടത്പക്ഷം.

എൻ. ഡി. എ സ്ഥാനാർഥി പ്രകാശ് ബാബുവിന്റെ പ്രചാരണ വാഹനങ്ങളും മണ്ഡലത്തിലുടനീളം സജീവമാണ്. വിവിധ കേന്ദ്രങ്ങളിൽ നടത്തിവരുന്ന പര്യടനവും റോഡ് ഷോകളിലൂടെയും പരമാവധി എല്ലാ ഭാഗത്തും എത്തിച്ചേർന്ന് വോട്ട് തേടുന്ന പ്രവർത്തനത്തിലാണ് അദ്ദേഹം. എൻ.ഡി.എയുടെ സി കാറ്റഗറിയിൽ പെട്ട ബേപ്പൂർ മണ്ഡലത്തെ പരമാവധി വോട്ടുകൾ സമാഹരിച്ച് ബി. കാറ്റഗറിയിലേക്ക് മാറ്റുകയെന്ന ദൗത്യമാണ് പ്രകാശ് ബാബുവിലൂടെ ബി.ജെ പി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ തന്നെ മത്സരിക്കുന്ന പ്രകാശ് ബാബുവിന്റെ സ്ഥാനാർഥിത്വം അണികളിൽ ആവേശം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതേ സമയം അമിത്ഷായുടെ റോഡ് ഷോ ബേപൂർ മണ്ഡലത്തിൽ ബി.ജെ.പി കേന്ദ്രങ്ങളിൽ ആവേശമുയർത്തിയിട്ടുണ്ട്. 

അ​ഡ്വ. പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. ഫാറൂഖ് കോളജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ ബിരുദവും നേടി. സ്കൂൾ പഠനകാലത്ത് എസ്.എഫ്.ഐയിലൂടെ സംഘടന പ്രവര്‍ത്തനമാരംഭിച്ചു. ഫാറൂഖ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിണ്ടന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1998ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയായും വിജയിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ്. പ്രസിഡന്റ്, ഡി വൈ. എഫ് ഐ അഖിലേന്ത്യ കമ്മറ്റി ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2017-ൽ ഡി. വൈ. എഫ്. ഐ ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പൊതുമരാമത്ത്, ടൂറിസം-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ്. ഭാര്യ ടി.വീണ

പി.​വി അ​ൻ​വ​ർ

1967 മെയ് 26 ന് മലപ്പുറം ജില്ലയിൽ പി.വി. ഷൗക്കത്ത് അലിയുടെയും മറിയുമ്മയുടെയും നാലാമത്തെ മകനായി ജനനം. കോഴിക്കോട് മലബാർ ക്രിസ്ത‌്യൻ കോളജ് സ്‌കൂളിൽ വിദ്യാഭ്യാസം. എം.ഇ.എസ് മമ്പാട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. എം.ഇ.എസ് മമ്പാട് കോളേജ് യൂനിയൻ ജനറൽ സെക്രട്ടറി ആയി. കേരളത്തിലും വിദേശത്തും വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു. ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു. 2021ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വി .വി. പ്രകാശിനെ പരാജയപ്പെടുത്തി നിലമ്പൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി 13ന് എം.എൽ.എ സ്ഥാനം രാജി വെച്ചു. 2024 ഒക്ടോബറിൽ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു പിന്നീട് തൃണമൂൽ കോൺഗ്രസിൽ (എ.ഐ.ടി.സി) ലയിച്ചു. നിലവിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ ചുമതല വഹിക്കുന്നു.

അ​ഡ്വ. പ്ര​കാ​ശ് ബാ​ബു

കോഴിക്കോട് പന്തീരാങ്കാവിൽ താമസം. നാദാപുരം നരിപ്പറ്റയിൽ പരേതനായ കണ്ണന്റെയും മാണിയുടെയും മകനാണ്. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ബി.എസ്.സി ബിരുദം. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും ക്രിമിനൽ നിയമത്തിൽ ബിരുദാനന്തര ബിരുദം. മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പി. ജി ഡിപ്ലോമ. യുവമോർച്ച കോഴിക്കോട് ജില്ല പ്രസിഡന്റ്‌, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്‌, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റാണ്. 2016-2021 കാലഘട്ടത്തിൽ ബേപ്പൂർ അസംബ്ലി തെരഞ്ഞെടുപ്പിലും, 2019 ൽ കോഴിക്കോട് പാർലിമെന്റിലേക്കും മത്സരിച്ചു.ഭാര്യ വാഴയൂർ പഞ്ചായത്ത്‌ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ഭാഗ്യശ്രീ. മക്കൾ ഗൗരിലക്ഷ്മി, ജാൻവി ലക്ഷ്മി.

Tags:    
News Summary - Beypore tightens its grip on the war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.