കേരള ഹൈകോടതി
കൊച്ചി: തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയൽ നിയമ പ്രകാരമുള്ള (പോഷ്) നടപടികൾക്ക് മുമ്പ് പ്രതിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്ന് ഹൈകോടതി. പരാതിയുടെ പകർപ്പോ ആഭ്യന്തര പരാതി പരിശോധന സമിതിയുടെ (ഐ.സി.സി) റിപ്പോർട്ടോ കൈമാറാതെ കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ജീവനക്കാർക്കെതിരെ പോഷ് നിയമ പ്രകാരം സ്വീകരിച്ച നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ ഉത്തരവ്. പ്രതികൾക്ക് പകർപ്പ് നൽകാതെ നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഐ.സി.സിയുടെ റിപ്പോർട്ടും തുടർ നടപടികളും കോടതി റദ്ദാക്കി.
ഐ.സി.സി റിപ്പോർട്ട് പ്രകാരം ഹരജിക്കാരിലൊരാൾക്കെതിരെ പിരിച്ചുവിടലടക്കം നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, പരാതിയുടെ പകർപ്പ് ഇവർക്ക് ലഭിച്ചത് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ നൽകിയതിന് ശേഷമാണ്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് വിളിച്ചുവരുത്തിയപ്പോഴും പരാതിയുടെ പകർപ്പ് നൽകിയില്ല. അതിനാൽ, പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടതായും ഹരജിക്കാർ വാദിച്ചു. ആരോപണമെന്തെന്ന് ഹരജിക്കാർക്ക് അറിയാമെന്നും വാദത്തിന് മതിയായ അവസരം നൽകിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, പരാതിയുടെ പകർപ്പ് നൽകാത്തതിനാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതായി കണക്കാക്കാമെന്നും മറുപടി സമർപ്പിക്കാനുള്ള അവസരം കുറ്റാരോപിതർക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടികൾ റദ്ദാക്കിയത്. പരാതിയുടെ പകർപ്പടക്കം നൽകി രണ്ടുമാസത്തിനകം വീണ്ടും അന്വേഷണം നടത്താനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.