കൊച്ചി: ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ജീവനക്കാരും ദിവസക്കൂലിക്കാരും കച്ചവടക്കാരുമടക്കം ബാങ്കുകൾ മുഖേന നടത്തിയത് 20 കോടിയോളം രൂപയുടെ ഇടപാടുകളെന്ന് ദേവസ്വം വിജിലൻസ് ഹൈകോടതിയിൽ. എസ്.ബി.ഐ സന്നിധാനം ബ്രാഞ്ചിൽ ഇക്കാലയളവിൽ ആകെ 8.08 കോടിയുടെ 1667 ഇടപാടുകളാണ് ഹോട്ടലുകാരും ശാന്തിക്കാരും കീഴ്ശാന്തിമാരും നടത്തിയത്. ധനലക്ഷ്മി ബാങ്കിൽ 941 ഇടപാടുകളിലായി 11.45 കോടിയും. മേൽശാന്തി, ശാന്തികൾ, ദിവസക്കൂലിക്കാർ, കുത്തകപ്പാട്ടക്കാർ തുടങ്ങിയവരുടെ 18 അക്കൗണ്ടുകളിലാണ് ഇടപാടുകൾ നടന്നത്. ഇതിനുപുറമെ പോസ്റ്റ് ഓഫിസ് ശാഖയിലൂടെ 14.08 ലക്ഷം രൂപയുടെ മണി ഓർഡറുകൾ അയച്ചതും കണ്ടെത്തി. ദിവസക്കൂലിക്കാർ, ശുചീകരണക്കാർ, കടയുടമകൾ തുടങ്ങി 16 പേരാണ് ഇത്രയും തുക അയച്ചതെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മാളികപ്പുറം മേൽശാന്തി 2025 നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ എസ്.ബി.ഐ ബ്രാഞ്ചിൽ നിക്ഷേപിച്ചത് 46.51 ലക്ഷം രൂപയാണ്. സഹായി 1.17 ലക്ഷത്തിന്റെ ഇടപാടുകളും നടത്തി.
ദക്ഷിണ കിട്ടിയ പണമാണെന്നാണ് ഇവർ മൊഴിനൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പണം ദുരുപയോഗം തടയാനുള്ള നടപടികൾ വ്യക്തമാക്കി വ്യാഴാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ച് സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും നിർദേശിച്ചു. ഇടപാടുകൾ നടത്തിയവരിൽ ചിലർ ആടിയശിഷ്ടം നെയ്യ് വിൽപന ക്രമക്കേടിൽ പ്രതികളാണെന്നും കോടതി നിരീക്ഷിച്ചു.
തീർഥാടകർ കൊണ്ടുവരുന്ന പൂജാ സാമഗ്രികൾക്കൊപ്പമുള്ള നോട്ടുകളും നാണയങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതെ കൈക്കലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നെയ്യഭിഷേകത്തിനും മറ്റും ഭക്തരെ സഹായിച്ച് ആനൂകൂല്യം പറ്റിയിട്ടുണ്ട്. ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ താഴെ വീഴുന്ന പണവും കൈക്കലാക്കി. ദിവസക്കൂലിക്ക് (ദിവസം 650 രൂപ നിരക്കിൽ) ആവശ്യത്തിലധികം ആളുകളെ വെക്കുന്നത് മുതലെടുപ്പിന് അവസരമൊരുക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.