പാലക്കാട്: ഡോക്ടർമാരോട് അപമര്യാദയോടെ പെരുമാറിയ കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിക്കെതിരെ പരാതിയുമായി ഡോക്ടർമാർ. 'ഡോക്ടർമാരുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്' എന്ന പരാമർശം എം.എൽ.എ നടത്തിയെന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ആരോപിക്കുന്നത്. ഭർത്താവുമായി പനിക്ക് ചികിത്സക്കായി ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം.
ഇന്നലെയാണ് എം.എൽ.എ ഭർത്താവുമായി ജില്ലാ ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈ കൊണ്ട് തൊട്ട് നോക്കി മരുന്നു കുറിച്ചു. ഈ സമയത്ത് എന്തുകൊണ്ട് തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എം.എൽ.എ കയർത്ത് സംസാരിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ലെന്നും ഈ സമയത്താണ് എം.എൽ.എ ഇത്തരം പരാമർശം നടത്തിയതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
മോശം പരാമർശത്തിൽ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.
അതേസമയം, ഡോക്ടർമാരുടെ ആരോപണത്തിൽ വിശദീകരണവുമായി കെ. ശാന്തകുമാരി എം.എൽ.എ രംഗത്തെത്തി. നല്ല രീതിയിൽ പെരുമാറണമെന്നാണ് ഡോക്ടർമാരോട് പറഞ്ഞതെന്ന് ശാന്തകുമാരി പറഞ്ഞു. ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയാറാണെന്നും എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.