ആസാദി കി അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിനായി എല്ലാം സമർപ്പിച്ചവർക്കുള്ള മികച്ച ആദരവ്- മുഖ്യമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരിൽ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച രാജ്യ സ്‌നേഹികൾക്കുള്ള ഉചിതമായ ആദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ ആസാദി കി അമൃത് മഹോത്സവിന്റെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആസാദി കി അമൃത് മഹോത്സവുമായി ബന്ധപ്പെട്ട പരിപാടികൾ സംസ്ഥാനത്ത് സർക്കാർ സജീവമായി നടപ്പാക്കി വരുകയാണ്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നോഡൽ വകുപ്പുകളായി സർക്കാർ ചുമതലപ്പെടുത്തി. ഇതിനുള്ള തയാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' വൻവിജയമാക്കുന്നതിനും എല്ലാ ജില്ലാ കലക്ടർമാരെയും ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനായി 26.25 ലക്ഷം ദേശീയ പതാകകൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത്രയും എണ്ണം ദേശീയ പതാകകൾ തയ്യാറാക്കുന്നതിനായി വികേന്ദ്രീകൃത അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾ വഴി ദേശീയ പതാകകളുടെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഖാദി, പരുത്തി തുണികളിലുള്ള ദേശീയ പതാകകൾ നിർമ്മിക്കുന്നതിനാണ് കേരള സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.

ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിന് എതിരായി 1809 ജനുവരി 16ന് ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം നടന്ന കൊല്ലം ജില്ലയിലെ കുണ്ടറയിൽ 2021 മാർച്ച് 12നാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആസാദി കി അമൃത് മഹോത്സവിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.

ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി അന്നേദിവസം തന്നെ ചരിത്ര പ്രസിദ്ധമായ ഉപ്പ് സത്യാഗ്രഹം നടന്ന പയ്യന്നൂരിലും പഴശ്ശി കലാപം നടന്ന മാനന്തവാടിയിലും രണ്ട് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷം ആഗസ്റ്റ് മാസം അവസാനിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഴ്ച്ചയിൽ ഒന്നു വീതം 75 പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പതിവ് പരിപാടികൾക്ക് പുറമെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ജനാധിത്യ മൂല്യങ്ങളും മതനിരപേക്ഷതയും സാമൂഹ്യ സമത്വവും ഉയർത്തിപിടിച്ചു കൊണ്ടുള്ള പോരാട്ടത്തിന്റെ വിജയമാണ് 75ം വാർഷികത്തിലൂടെ ആഘോഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു

Tags:    
News Summary - Azadi Ki Amrit Mahotsav A great tribute to those who sacrificed everything for freedom- Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.