തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കരുത് എന്നതടക്കമുള്ള ഉപാധിയിൽ ആഗോള അയ്യപ്പ സംഗമത്തിന് എൻ.എസ്.എസും എസ്.എൻ.ഡി.പിയും പിന്തുണ അറിയിച്ചതോടെ എതിർപ്പ് മയപ്പെടുത്തി ബി.ജെ.പി. തെരഞ്ഞെടുപ്പ് നാടകമെന്നും ശബരിമലയിലെ ആചാരങ്ങളെ തകർക്കാനുള്ള സർക്കാറിന്റെ കടന്നുകയറ്റമെന്നും കുറ്റപ്പെടുത്തിയ ബി.ജെ.പി, നിലവിൽ തങ്ങളുടെ അഭിപ്രായങ്ങൾ കൂടി സർക്കാരും ദേവസ്വം ബോർഡും മാനിക്കണം എന്ന അഭിപ്രായത്തിലാണ്.
ശബരിമലയുടെ വികസനമടക്കം മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന അയ്യപ്പ സംഗമം ആചാരാനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കുമെന്നും കേന്ദ്ര മന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ തന്നെ അറിയിച്ചതോടെ വിശ്വാസികൾ ഏറെ പങ്കെടുക്കുന്ന പരിപാടിയെ എതിർക്കുന്നത് തിരിച്ചടിയാകുമോ എന്ന് ബി.ജെ.പിയിൽ ആശയക്കുഴപ്പമുണ്ട്.
ജാഗ്രതയോടെ മാത്രമേ അഭിപ്രായം പറയാവൂ എന്നതിനാലാണ് പാർട്ടി നിലപാട് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനും മാത്രം പറഞ്ഞാൽ മതിയെന്ന് ആദ്യമേ ധാരണയുണ്ടാക്കിയത്. ഹിന്ദു സനാതന ധർമ്മത്തെ അധിക്ഷേപിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഗമത്തിനെത്തുന്നതിനെ എതിർത്തെങ്കിലും അദ്ദേഹം നിലവിൽ പരിപാടിക്കില്ലെന്നറിയിച്ചിട്ടുമുണ്ട്.
യുവതി പ്രവേശന കാലത്ത് അയ്യപ്പ ഭക്തർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണം, യുവതി പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ച അനുകൂല നിലപാട് തിരുത്തണം, സംഘാടകസമിതി രാഷ്ട്രീയ മുക്തമാക്കി എല്ലാ ഹിന്ദു സംഘടനകൾക്കും പങ്കാളിത്തം ഉറപ്പാക്കണം, ആചാരാനുഷ്ഠാനങ്ങൾക്ക് ലംഘനമുണ്ടാവരുത് തുടങ്ങിയ ആവശ്യങ്ങൾ മാത്രമാണിപ്പോൾ പാർട്ടി മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.