കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസിയുവാവായ മധുവിനെ തല്ലിക്കൊന്ന കേസിൽ മുഴുവന്‍ സാക്ഷികളും കുറ്മാറുമ്പോളും പ്രോസിക്യൂഷൻ നോക്ക് കുത്തിയായി നിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്.
2018 ഫെബ്രുവരി 22ന് അട്ടപ്പാടിയില്‍ വച്ച് ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും, വിചാരണ അട്ടിമറിക്കുന്നതിനും നടക്കുന്ന സംഘടിതവും, ആസൂത്രിതവുമായ ശ്രമങ്ങളാണ് നടക്കുന്നത്.
ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രതികള്‍ക്കും സി.പി.എമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമര്‍ശനവും ശക്തമാണ്. ഇത് തെളിയിക്കുന്നതാണു സാക്ഷികൾ കൂട്ടമായി കുറ്മാറിയതിനു പിന്നിലെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്.
സി.പി.എമ്മിന് താല്‍പര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാന്‍ വേണ്ടി ഖജനാവില്‍ നിന്നും വന്‍തുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും ഈ കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ പ്രകടിപ്പിക്കണമായിരുന്നു.
ഇടതുസര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങളോട് പുലര്‍ത്തുന്ന കരുതലിന്റേയും, ആത്മാര്‍ത്ഥയുടേയും ആഴം ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും, ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്.
ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ കേസ് അട്ടിമറിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നു എന്ന് മധുവിന്റെ അമ്മ തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടും അതിനെ കുറിച്ച് അന്വേഷിക്കാനോ, അതിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന വസ്തുത ഈ രണ്ട് സംഭവങ്ങളിലൂടെ പൊതുസമൂഹത്തിനും ബോധ്യമായിട്ടുണ്ട്. കേരളത്തിന്റെ നിയമസംവിധാനങ്ങളുടെ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായമായി ഈ കേസ് മാറുമെന്ന കാര്യത്തില്‍ തകര്‍ക്കമില്ല.
ഈ ഹീന കൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കേസ് തന്നെ അട്ടിമറിക്കാനാണ് സര്‍ക്കാരും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. കേസിന്റെ വിചാരണ നടപടികളില്‍ സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അലംഭാവത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് ഈ കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇക്കാര്യത്തില്‍ ഇനിയും അലംഭാവം കാണിക്കാതെ പ്രസ്തുത കേസിന്റെ മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.