പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭക്ക് പുറത്തേക്ക് പ്രകടനമായെത്തുന്നു.          ചിത്രം -ബിമൽ തമ്പി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു; ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം വ്യാഴാഴ്ച ചോദ്യോത്തരവേളയിൽതന്നെ സഭ പ്രക്ഷുബ്​ധമാക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്​പോരിനും സഭാതലം സാക്ഷിയായി. ബഹളം രൂക്ഷമായതോടെ 29ാം മിനിറ്റിൽ ചോദ്യോത്തരവേള സ്പീക്കർ എ.എൻ. ഷംസീർ റദ്ദാക്കി. ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും മറുപടികളും മേശപ്പുറത്തുവെച്ച്, ബജറ്റിന്‍റെ ഉപധനാഭ്യർഥനകൾ ചർച്ചയില്ലാതെ പാസാക്കി 9.50 ഓടെ സഭ പിരിഞ്ഞു.

രാവിലെ ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾതന്നെ അന്യായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ബാനറും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്‍പീക്കർ ചെയറിലെത്തിയ ഉടൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. സഭാകവാടത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ നാല് അംഗങ്ങളെ ബജറ്റ്​ മറുപടിയിൽ ധനമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതക്രമത്തെ താളംതെറ്റിക്കുന്ന നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണെന്നും സഭാനടപടികളുമായി യോജിച്ചുപോകാനാകില്ലെന്നും സതീശൻ പറഞ്ഞു.

സ്പീക്കർ ചോദ്യോത്തരവേളയിലേക്ക്​ കടന്നതോടെ വീണ്ടും പ്രതിപക്ഷ ബഹളം ഉയർന്നു. പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിൽനിന്ന്​ എഴുന്നേറ്റ്​ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി സ്‍പീക്കറുടെ ഡയസിന് മുന്നിലേക്കെത്തി. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്‍പീക്കറുടെ കാഴ്ച പലതവണ മറച്ചു. ഇത്​ ശരിയല്ലെന്ന്​ അംഗങ്ങളോട്​ സ്പീക്കർ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനിടെ മന്ത്രി എം.ബി. രാജേഷ് ചോദ്യങ്ങൾക്ക് മറുപടി തു‌ടർന്നു. ഉത്തരം മേശപ്പുറത്ത് വെക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും ഗൗരവ വിഷയമായതിനാൽ സഭയും ജനങ്ങളും അറിയണമെന്ന് പറഞ്ഞ് ബഹളത്തിനിടയിലും മന്ത്രി മറുപടി പറയുകയായിരുന്നു.

ബഹളം രൂക്ഷമായതോടെ പ്രതിപക്ഷാംഗങ്ങളോ‌ട് സീറ്റിലേക്ക് മടങ്ങാൻ സ്‍പീക്കർ പലതവണ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഗൗരവമായ വിഷയത്തിനാണ് മറുപടി പറയുന്നതെന്നും അതിനാൽ അംഗങ്ങളെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് മുൻകൈ എടുക്കണമെന്നും സ്‍പീക്കർ പറഞ്ഞു. എന്നാൽ, ഇത്തരം ‍സാഹചര്യങ്ങളിൽ ചോദ്യോത്തരവേള സസ്‍പെൻഡ് ചെയ്യുന്നതാണ് കീഴ്‍വഴക്കമെന്നും സ്‍പീക്കർ അതിനു തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, സ്‍പീക്കർ അടുത്ത അംഗത്തെ ചോദ്യത്തിനായി ക്ഷണിച്ചു.

ഇതിനിടെ പ്രതിപക്ഷ എം.എൽ.എമാരായ അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, ഐ.സി. ബാലകൃഷ്‍ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്‍പീക്കറുടെ ഡയസിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. 9.28ന്​ ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ഭാഗം സ്പീക്കർ റദ്ദാക്കി. 22 മിനിറ്റുകൊണ്ട് അവസാന ന‌‌ടപടികൾ പൂർത്തിയാക്കി സഭ 27ന് ചേരാനായി പിരിഞ്ഞു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പുറത്തേക്കിറങ്ങി. രാവിലെ എം.എൽ.എ ഹോസ്റ്റലിൽനിന്ന് കറുത്ത ബാനർ പിടിച്ച്​ കാൽനടയായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.

പ്രതിപക്ഷ എം.എൽ.എമാരുടെ സത്യഗ്രഹം അവസാനിപ്പിച്ചു

തിരുവനന്തപുരം: നികുതി വർധനക്കെതിരെ നാല്​ പ്രതിപക്ഷ എം.എൽ.എമാർ തിങ്കളാഴ്ച മുതൽ നിയമസഭ കവാടത്തിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. ഈ മാസം 27 മുതൽ ചേരാൻ നിയമസഭ സമ്മേളനം താൽക്കാലികമായി പിരിഞ്ഞ സാഹചര്യത്തിലാണ്​ സമരം അവസാനിപ്പിച്ചത്​. 13,14 തീയതികളിൽ യു.ഡി.എഫിന്‍റെ രാപകൽ സമരം നടക്കുമെന്നും തുടർസമരങ്ങൾ മുന്നണി കൂടിയാലോചിച്ച്​ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ അറിയിച്ചു.

നിയമസഭ സമ്മേളനം പിരിഞ്ഞതിനു​ പിന്നാലെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ്​ എം.എൽ.എമാർ സത്യഗ്രഹം നടത്തുന്ന സഹപ്രവർത്തകരുടെ അടുത്തെത്തി മുദ്രാവാക്യം വിളിച്ച്​ പടിക്കെട്ടിൽ കുത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ​ പ്രഖ്യാപനത്തിന്​​ പിന്നാലെ സത്യഗ്രഹം അവസാനിപ്പിച്ച ഷാഫി പറമ്പിൽ, സി.ആർ. മഹേഷ്​, മാത്യു കുഴൽനാടൻ, നജീബ്​ കാന്തപുരം എന്നിവർ ഉൾപ്പെടെ​ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും മുദ്രാവാക്യം വിളിയുമായി നിയമസഭ മുഖ്യകവാടത്തിലെത്തി.

അധികാരത്തിന്‍റെ ഹുങ്ക്​ കാരണം സാധാരണ ജനങ്ങളെ സർക്കാർ കാണാതെ പോകുകയാണെന്ന്​ മാധ്യമങ്ങളോട്​ സംസാരിച്ച വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നികുതി പിരിവിൽ സർക്കാർ വരുത്തിയ വീഴ്ചയും ധൂർത്തും കാരണമുണ്ടായ സാമ്പത്തിക പ്രയാസത്തിന്‍റെ ബാധ്യത മുഴുവൻ ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്​​. സ്വർണ വ്യാപാരികളിൽനിന്നും ബാറുടമകളിൽനിന്നും കോടികളാണ്​ പിരിക്കാനുള്ളത്​.

കേന്ദ്ര സർക്കാറിനെ ഒരുവശത്ത്​ കുറ്റം പറയുമ്പോൾത്ത​ന്നെ മറുവശത്ത്​ ഐ.ജി.എസ്​.ടി വിഹിതം സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തി. ധൂർത്തിന്​ ഒട്ടും കുറവുമില്ല. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നികുതി അടക്കേണ്ടെന്ന്​ പറഞ്ഞയാൾ മുഖ്യമന്ത്രിയായപ്പോൾ അന്ന്​ പറഞ്ഞതെല്ലാം മറന്നെന്നും സതീശൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - assembly updates oppositions protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.