തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ വര്‍ധിക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും വനിതദിനത്തില്‍ നിയമസഭ ചര്‍ച്ചചെയ്തു. പാലക്കാട് വാളയാറിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍െറ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിലാണ് വിഷയം ചര്‍ച്ചയായത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വാളയാറിലെ സഹോദരങ്ങളുടെ മരണത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് നോട്ടീസിന് മറുപടിനല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതിലുള്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണ്. എല്ലാ പ്രതികള്‍ക്കുമെതിരെയും പോക്സോ ചുമത്തും. സ്ത്രീ പീഡകരുടെ രജിസ്റ്റര്‍ സൂക്ഷിക്കും. ഇത് തയാറാക്കാനായി ജില്ല പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാളയാറില്‍ രണ്ടുമാസം മുമ്പ് ആദ്യകുട്ടി മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പീഡനസാധ്യത സംശയിച്ചിരുന്നെങ്കിലും രാസപരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ ആ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പാലക്കാട് എ.എസ്.പി പൂങ്കുഴിലിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. വയനാട് അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളെ പിടികൂടിയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെ സഹായിച്ചവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.
വാളയാറില്‍ ആദ്യകുട്ടി മരിച്ചപ്പോള്‍ തന്നെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും അതില്‍ ജാഗ്രതകാട്ടാന്‍ പൊലീസ് തയാറാകാത്തതാണ് രണ്ടാമത്തെകുട്ടിയുടെ മരത്തിന് വഴിവെച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. കല്‍പറ്റയില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ഏഴ് കുട്ടികളെ മിഠായി നല്‍കി നഗ്നചിത്രം എടുത്ത് പീഡിപ്പിച്ചത്. അതുപോലും അറിയാന്‍ ഇവിടെ പൊലീസില്ല. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇതാണ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കൊട്ടിയൂര്‍ കേസിന്‍െറ പിന്നിലുള്ളവര്‍ക്കും മുന്‍കൂര്‍ ജാമ്യത്തിന് പൊലീസ് സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീപീഡന വാര്‍ത്തകളിലൂടെ സംസ്ഥാനത്തിനുണ്ടായിരുന്ന ഒൗന്നത്യം നഷ്ടമാകുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ക്ക് മാന്യമായി ജോലിചെയ്യാനും യാത്രചെയ്യാനും കഴിയുന്ന സാഹചര്യമുണ്ടാകണം. പീഡനവാര്‍ത്തകള്‍ സമൂഹത്തിന് വല്ലാതെ ആഘാതമുണ്ടാക്കുന്നെന്നും അതുകൂടി ശ്രദ്ധിച്ചുവേണം സംസാരിക്കാനെന്നും തുടക്കത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.