കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം ?; ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഫലമറിയാൻ ഒരുമാസം കാത്തിരിക്കണം

തിരുവനന്തപുരം: ത​ദ്ദേശ തെരഞ്ഞെടുപ്പ് ചൂടാറിയതിനു പിന്നാലെ, കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്. ഏപ്രിൽ രണ്ടാം വാരത്തിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം, പുതുച്ചേരി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത്തവണ ​നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാട്, അസ്സം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവടങ്ങളിലാണ് കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് മെഷീനുകളുടെ പരിശോധന ഉൾപ്പെടെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് തുടങ്ങികഴിഞ്ഞു.

മാർച്ചിൽ വിജ്ഞാപനമിറങ്ങുന്നതിനു പിന്നാലെ, ഒരുമാസത്തിനുള്ളിൽ വോട്ടെടുപ്പ് നടക്കും. അങ്ങിനെയെങ്കിൽ ഏപ്രിൽ രണ്ടാം വാരത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മേയ് മാസത്തിലാവും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെന്നാണ് സൂചന.

തെ​രഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി തിങ്കാളാഴ്ച കൂടികാഴ്ച നടത്തി. പുതുച്ചേരി ഉൾപ്പെടെ എല്ലായിടങ്ങളിലെയും മുഖ്യതെര​ഞ്ഞെടുപ്പ് ഓഫീസർമാർ ന്യൂഡൽഹിയിലെത്തിയിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ഫെബ്രുവരിയിൽ കേരളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തും. മേയ് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശം.

വോട്ടർപട്ടിക സമഗ്ര പരിശോധന (എസ്.ഐ.ആർ) പൂർത്തിയാക്കിയ ശേഷമാവും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നത്. ​ഫെബ്രുവരി 21നാണ് സംസ്ഥാനത്തെ എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനക്രമീകരണവും നടക്കുന്നുണ്ട്. ഒരു ബൂത്തിൽ പരമാവധി 1150 വോട്ടർമാരെ ഉൾപ്പെടുത്തിയാണ് പുനക്രമീകരണം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ​നിയമസഭാ തെര​ഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കും വേഗം കൂട്ടി. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനൊപ്പം, സ്ഥാനാർഥി നിർണയ ചർച്ചകൾ, പ്രചരണ പരിപാടികൾ ഉൾപ്പെടെ വിഷയങ്ങളിലും ചർച്ചകൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് ​മുന്നൊരുക്കത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വക്യാമ്പ് ‘ലക്ഷ്യ’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി സുൽത്താൻ ബത്തേരിയിൽ നടന്നിരുന്നു. നൂറ് സീറ്റ് ലക്ഷ്യവുമായുള്ള കർമപദ്ധതിക്കാണ് കോൺഗ്രസ് രൂപം നൽകിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്നും പാഠമുൾകൊണ്ട് പ്രചരണ തന്ത്രങ്ങളിൽ മാറ്റം വരുത്തിയാണ് സി.പി.എമ്മും എൽ.ഡി.എഫും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

തിരുവനന്തപുരം കോർപറേഷൻ ഭരണം ഉൾപ്പെടെ തദ്ദേശത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പിയും കേരളത്തിൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പെടെ ഉന്നതർ ഈ മാസം തന്നെ കേരളത്തിലെത്തും.

വോട്ടെടുപ്പിന് മുമ്പായി, അവസാന നിയമസഭാ ബജറ്റ് സമ്മേളനത്തിന് ജനുവരി 20ന് തുടക്കം കുറിക്കും. ബജറ്റ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം.

2021ൽ മാർച്ച് 12നായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ ആറിനായിരുന്നു വോട്ടെടുപ്പ്. മേയ് അഞ്ചിന് വോട്ടെണ്ണൽ നടന്നു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായാണ് കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരുന്നു വോട്ടെണ്ണൽ എന്നതിനാൽ ഫലമറിയാൻ ഒരുമാസത്തോളം കാത്തിരിക്കേണ്ടിവരും.

Tags:    
News Summary - Assembly elections in Kerala in the second week of April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.