താമരകൾ വിരിയുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി
തിരുവനന്തപുരം: ഇത്തവണ താമരകൾ വിരിയുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി. ട്വന്റി ട്വന്റി പുതിയ ഘടകകക്ഷിയായി എത്തിയതും എൻ.ഡി.യുടെ പ്രതീക്ഷക്ക് ഇന്ധനം പകരുന്നു. ഒരിക്കൽ ഒ. രാജഗോപാലിലൂടെ നേമത്ത് അക്കൗണ്ട് തുറന്നെങ്കിലും വി. ശിവൻകുട്ടിയിലൂടെ സി.പി.എം ബി.ജെ.പിയുടെ ആ അക്കൗണ്ട് പൂട്ടിച്ചിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ നേമം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ നേമം മണ്ഡലത്തിൽ ഭൂരിപക്ഷം നേടാനായതും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനായതുമാണ് ഈ ആത്മവിശ്വാസത്തിന് കാരണം.
കുറഞ്ഞത് മൂന്ന് മുതൽ പത്ത് വരെ സീറ്റുകളിൽ ജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. വർഷങ്ങളായി കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താൻ ഇത്തവണ വിജയിക്കുമെന്നാണ് മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്റെ പ്രതീക്ഷ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് എത്തിയ ആറ്റിങ്ങലിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ കാട്ടാക്കടയിലും ഇക്കുറി അത്ഭുതം സംഭവിക്കുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു.
കൊല്ലം ചാത്തന്നൂരിൽ കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പി ചില പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റം കൈവരിച്ചതിന്റെ പ്രതീക്ഷയിലാണ്. തിരുവല്ലയിൽ അനൂപ് ആന്റണിയിലൂടെ അട്ടിമറിയാണ് സ്വപ്നം കാണുന്നത്. കോൺഗ്രസ് വിട്ട് എത്തിയ പത്മജ വേണുഗോപാലിലൂടെ തൃശൂർ നിയമസഭയിലും വിജയം സ്വപ്നം കാണുന്നു. മൽസരിച്ചപ്പോളെല്ലാം ബി.ജെ.പി വോട്ടുകൾ വലിയ തോതിൽ വർധിപ്പിച്ചിട്ടുള്ള ശോഭ സുരേന്ദ്രനിലൂടെ പാലക്കാട് താമരവിരിയിക്കാമെന്ന അമിത പ്രതീക്ഷയുമുണ്ട്. മഞ്ചേശ്വരം മുൻ പ്രസിഡന്റ് കെ. സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാനാകുമെന്നും അവർ കരുതുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മഞ്ചേശ്വരത്തെ രാഷ്ട്രീയ സ്ഥിതി മാറിയെന്നും അവർ അവകാശപ്പെടുന്നു. അതിന് പുറമെ ബി.ജെ.പിക്ക് പ്രാദേശികമായി സ്വാധീനം വർധിച്ച തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങളിലും എൻ.ഡി.എ അട്ടിമറി ജയം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.