കോഴിക്കോട്: വിവാദമായ സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട് കേസിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇ.ഡി വിവിധ ഇടങ്ങളിൽ വ്യാപകമായി റെയ്ഡ് നടത്തുന്നത്. മുൻ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോഴിക്കോട് എത്തി ക്യാമ്പ് ചെയ്ത ശേഷം ഇന്ന് രാവിലെ എട്ട് മണിമുതലാണ് പരിശോധന ആരംഭിച്ചത്. ഡി.ടി.പി.സി ഡെസ്റ്റിനേഷൻ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശിയും എം.എൽ.എ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുമായ നന്ദുലാലിന്റെ വീട്ടിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കൂടാതെ ജെ.ജെ. റിട്രീറ്റ് എന്നൊരു അപ്പാർട്മെന്റിലും സമാനമായി ചില കമ്പനികളിലും ചില വ്യക്തികളുടെ വീട്ടിലുമാണ് പരിശോധന നടത്തുന്നതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട് കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് ഷീറ്റ് കൊടുക്കുന്നതിന് മുന്നോടി അവസാനഘട്ട പരിശോധന എന്ന നിലയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് എക്‌സാലോജിക് കൂടാതെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ കൂടി നിക്ഷേപം ഉള്ളതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കൂടെ പരിശോധയിൽ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.