കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ ബോഡി ബിൽഡിങ് ജേതാക്കൾക്ക് പൊലീസ് ഉദ്യോഗസ്ഥരായി നിയമനം നൽകിയ നടപടിയെ വിമർശിച്ച് ഹൈകോടതി. പ്രത്യേക നിയമനത്തിനാണെങ്കിലും സാധാരണ നിയമനത്തിന് ആവശ്യമായ യോഗ്യതകളെല്ലാം ഉണ്ടായിരിക്കണമെന്നും നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.
കായിക ക്ഷമതയുടെ ഭാഗമായി നടത്തിയ പരീക്ഷയിൽ പരാജയപ്പെട്ടയാളെ എങ്ങനെയാണ് പൊലീസിന്‍റെ ഉന്നത തസ്തികയിൽ നിയമിക്കാൻ കഴിയുക. ഷോട്ട് പുട്ട് എറിയാൻ കഴിയില്ലെങ്കിൽ എങ്ങനെ പൊലീസിൽ എടുക്കും. ശരീരിക സൗന്ദര്യമെന്നാൽ, ശാരീരികക്ഷമതയാണെന്നും കോടതി പറഞ്ഞു. ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിലെ വെള്ളി മെഡൽ ജേതാവ് ഷിനു ചൊവ്വ എന്നിവരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച നടപടി ചോദ്യം ചെയ്തും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ബോഡി ബിൽഡർമാർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നൽകിയിട്ടില്ലാത്തതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാർ വിശദീകരണം. അഴിമതിയുള്ളതിനാലാണ് നിയമനത്തിൽ നിന്ന് പിൻമാറിയതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. 41 വയസ്സുള്ളയാളെയാണ് ഇൻസ്പെക്ടറായി നിയമിക്കാൻ തീരുമാനിച്ചത്. പ്രമുഖ ഫുട്ബാൾ കളിക്കാരായിരുന്ന ഷറഫലിയും ഐ.എം. വിജയനുമടക്കമുള്ളവർക്ക് പോലും ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകിയിട്ടില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് ശരിവെച്ച കോടതി ഇത്തരം നേരിട്ടുള്ള പ്രത്യേക നിയമനം നടത്തിയാലും അത് പരമാവധി എ.എസ്.ഐ.ആയിട്ടല്ലെ സാധ്യമാകൂ എന്ന് ആരാഞ്ഞു.
നയതീരുമാനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ സർക്കാറിന്‍റെ കാലത്ത് നടന്ന ബോഡി ബിൽഡർമാരുടെ നിയമനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് കാട്ടിയാണ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്.
ഹരജിയിൽ എതിർ കക്ഷിയായ എസ്. ശ്രീജിത്തിന് കേസ് പരിഗണനയിലിരിക്കേ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.