സ്വാതന്ത്ര്യദിനത്തിൽ ചുരമില്ലാ പാതക്കായി നാദാപുരത്ത് നടന്ന ജനകീയ കൺവെൻഷനിൽ മാനന്തവാടി ബ്ലോക്ക് പ്രസിഡൻറ് മീനാക്ഷി രാമൻ
സംസാരിക്കുന്നു
നാദാപുരം: വടകര /തലശ്ശേരി - നാദാപുരം - വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി വഴി ബംഗളൂരുവിലേക്കുള്ള ചുരമില്ലാ ബദൽ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും ഒത്തുചേർന്നു. പദ്ധതിയുടെ തുടർനടപടികൾ ലക്ഷ്യമിട്ട് വിപുലമായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. വയനാട്- കോഴിക്കോട് ജില്ലയിലെ റോഡുമായി അടുപ്പമുള്ള ജനപ്രതിനിധികളും നാട്ടുകാരും, സാമൂഹ്യ പ്രവർത്തകരും നാദാപുരം മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ എന്നിവർ ചേർന്ന് സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. ജോണി മുല്ലക്കുന്നേൽ അധ്യക്ഷത വഹിച്ചു. 1977 ൽ റോഡ് നിർമ്മാണത്തിനുള്ള പ്രാരംഭ നീക്കങ്ങൾ ആരംഭിച്ചെങ്കിലും 50 വർഷമായിട്ടും പാത യാഥാർഥ്യമാകാത്തതിൽ നാട്ടുകാരിൽ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും ഒടുവിലായി ഇപ്പോൾ നിർമ്മാണം നടന്നുവരുന്ന മലയോര ഹൈവേയുടെ അലൈമെൻറിൽ വിലങ്ങാട് പുല്ലുവാ നിന്നും വയനാട്ടിലെ കുങ്കിച്ചിറവരെയുള്ള കാനനപാത ഉൾപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ ജനകീയ സമ്മർദം ചെലുത്താനും, പദ്ധതിയുടെ സമഗ്ര സാധ്യതകൾ ഉൾക്കൊള്ളിച്ച് ജനകീയ റിപ്പോർട്ട് തയാറാക്കാനും യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. വടകര എം.പി ഷാഫി പറമ്പിൽ, നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് എന്നിവർ ഫോണിലൂടെ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
മുഖ്യ രക്ഷാധികാരികളായി പ്രിയങ്ക ഗാന്ധി എം.പി, ഷാഫി പറമ്പിൽ എം.പി. എന്നിവരെയും രക്ഷാധികാരികളായി എം.എൽ.എമാരായ കെ.എം. അഭിജിത്ത് (നാദാപുരം), ഉഷാ വിജയൻ (മാനന്തവാടി), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), കെ.കെ. രമ (വടകര), കാരായി രാജൻ (തലശ്ശേരി), പ്രവീൺ കുമാർ (കൂത്തുപറമ്പ്), അഡ്വ. അശോക് കുമാർ (മാഹി).കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ബ്ലോക്ക്-നഗരസഭാ-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഉപദേശക സമിതിയും രൂപീകരിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് ചർച്ചക്ക് തുടക്കമിട്ടു.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഖമറുലൈല, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുല്ല കേളോത്ത്, ആറങ്ങോടൻ ആലിക്കുട്ടി, ഷെബി സെബാസ്റ്റ്യൻ, ബീന ജോസഫ്, ബെറ്റ്സി, റംല മുഹമ്മദ്, സൽമ രാജു, മോയിൻ കാസിം തുടങ്ങിയവർ സംസാരിച്ചു. ഔസേപ്പച്ചൻ മണിമല സ്വാഗതവും എരോത്ത് ഷൗക്കത്ത് അലി മോഡറേഷനും, വിപിൻസ് മാത്യു നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി ചെയർമാൻ: എരോത്ത് ഷൗക്കത്ത് അലി, ജനറൽ കൺവീനർ: വിപിൻസ് മാത്യ, ട്രഷറർ: കെ.കെ. ഉസ്മാൻ പാറക്കടവ് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.