തിരുവനന്തപുരം: രണ്ടേമുക്കാൽ കോടിയോളം സമ്മതിദായകരുടെ ഹിതം തേടിയുള്ള പോരാട്ടത്തിൽ ഏത് മുന്നണി അറബിക്കടലോരത്തിന്റെ അധിപന്മാരാകുമെന്ന് അറിയാനുള്ള ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങി. പിറവിയെടുത്ത് എഴുപതാണ്ട് പൂർത്തിയാകുന്ന വർഷത്തിൽ മലയാളനാട് സാക്ഷ്യംവഹിക്കാൻ പോകുന്നത് ചരിത്രപോരാട്ടത്തിനാണ്.
മൂന്നാംതവണയും ഭരണംപിടിച്ച് പുതുരാഷ്ട്രീയ ചരിത്രം സൃഷ്ടിക്കാൻ സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർവസന്നാഹങ്ങളുമായി അണിനിരന്നു. പതിറ്റാണ്ട് ഭരണത്തിന് പുറത്തിരുന്ന് തിരിച്ചുവരവിന്റെ പവർ േപ്ലക്കാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ തയാറെടുപ്പ്. മാറുന്ന സാങ്കേതികവിദ്യകൾക്കും സാധ്യതകൾക്കും അനുസൃതമായി പുതിയ പ്രചാരണ തന്ത്രങ്ങളടക്കം ആവിഷ്കരിച്ചാണ് മുന്നണികൾ കളത്തിലിറങ്ങുന്നത്. സാമൂഹികക്ഷേമ പദ്ധതികൾ ഉൾപ്പെടെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ഭരണത്തുടർച്ചയുടെ അനിവാര്യതയിലൂന്നിയുമാണ് എൽ.ഡി.എഫ് പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്.
ജനദ്രോഹനയങ്ങളും ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സർക്കാറും മുന്നണിയും പ്രതിക്കൂട്ടിലായ വിഷയങ്ങളും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും ഉൾപ്പെടെ ഉയർത്തിയാണ് യു.ഡി.എഫ് രംഗത്തുള്ളത്. ശക്തിതെളിയിച്ച് കേരള നിയമസഭയിൽ ഇടംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും തെരഞ്ഞെടുപ്പിനും ഇടയിൽ കേവലം 24 ദിനങ്ങളുടെ അകലം മാത്രമുള്ളത് രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ഒരുതരത്തിൽ ആശ്വാസകരമാണ്.
പ്രചാരണ കാലയളവ് നീളുന്നത് ചെലവ് വർധിക്കാൻ ഇടയാക്കും. വേനൽ ചൂടിന് കടുപ്പം കൂടുന്ന സമയത്തുള്ള പ്രചാരണം സ്ഥാനാർഥികൾക്കും വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.