ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ എം.എൽ.എ രംഗത്ത്. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ ജില്ലയിൽ വണ്ടാനം മെഡിക്കൽ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പുതിയ മെഡിക്കൽ കോളജ് നിർമിക്കുന്നതിന് പകരം വണ്ടാനം മെഡിക്കൽ കോളജ് നവീകരിക്കുന്നതിനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എം.എൽ.എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ തുറന്നടിച്ചു. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താൽപ്പര്യ പ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയെന്ന പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ, തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്ന് എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകൾക്കും മുൻകൈയെടുത്തത്. കരിമണൽ ഖനനം സ്വകാര്യ മേഖലക്ക് വിട്ടുനൽകാനുള്ള ബജറ്റ് നിർദേശത്തോടും ജി. സുധാകരൻ വിയോജിപ്പ് പ്രകടിപ്പിച്ചു. മുമ്പ് പൊതുമേഖല സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ സഹായിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയിലേക്ക് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തി. 2074 കോടിയാണ് ഇതിനായി വകയിരുത്തിയത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് കൊണ്ടുവരും. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തും. 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കും. കാരുണ്യ സുരക്ഷ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർക്കും. കോസ്റ്റൽ കെയർ യൂണിറ്റുകൾ തുടങ്ങും. ക്യാൻസർ പ്രതിരോധ പദ്ധതി ആരംഭിക്കും. കെ.എം.എസി.എല്ലിന്റെ മരുന്ന് സംഭരണ രീതി പരിഷ്കരിക്കും. അപൂർവ മരുന്നുകൾ ഉറപ്പാക്കും. ഉയർന്ന ചികിത്സാ ചെലവ് കുറക്കാൻ നടപടിയുണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.