കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാറമ്മൽ സ്വദേശിനി സുനിതയാണ്(54) ഇന്ന് പുലർച്ചെ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഷിഗല്ലെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ സാംമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം പൂർണമായും നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഉന്നതതല സമിതി യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിഗല്ലെയോടൊപ്പം എബോള ആശങ്കയൊഴിഞ്ഞതായും നിരീക്ഷണത്തിലായിരുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന ആളുടെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോനക്ക് അയിച്ചിരുന്നു. ഇതിന്‍റെ ഫലം നെഗറ്റീവ് ആണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളാണ് പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമായത്. എന്നാൽ സർക്കാർ തലത്തിൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.