കന്ധമാലിൽ ചെന്നപ്പോൾ എരിയുന്ന വയറിന്റെ തീയല്ല, മതമെന്ന സത്യമാണ് കണ്ടത്; ഐഡന്റിറ്റി ചരിത്രപരമായ സത്യമെന്നും കെ.ഇ.എൻ

കോഴിക്കോട്: മർദിത മതത്തോടും മർദിത ജാതിയോടും ഐക്യപ്പെടുന്നത് ഒരു ഇന്ത്യൻ മാർക്‌സിസ്റ്റായി ഇരിക്കുന്നതിന്റെ ആദ്യത്തെ മുന്നുപാധിയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. സ്വത്വരാഷ്ട്രീയം, കേരളീയ സമൂഹത്തിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-ജന്മി-നാടുവാഴിത്ത കേരളം എന്ന ഇ.എം.എസിന്റെ കാഴ്ചപ്പാടിൽ നിന്ന് കേരളം ഇന്ന് ജാതി-പുരുഷാധിപത്യ-ഇസ്‌ലാമോഫോബിക് കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം വിരുദ്ധത കേരളത്തിലെ അരാഷ്ട്രീയ മധ്യവർഗത്തിന്റെ ദൈനംദിന ഭക്ഷണത്തിലെ ഏറ്റവും രുചികരമായ ഒരിനമായി മാറിയിട്ടുണ്ട്. ഇടതുപക്ഷ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരികരംഗത്ത് സാമൂഹിക പരിവർത്തനത്തിന് വേണ്ടി നേതൃപരമായ പങ്കുവഹിച്ചവർ പോലും ഇടതുപക്ഷത്തിന്റെ നൈതികതയുമായി പൊരുത്തപ്പെടാത്ത പലതരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകൾ അവരുടെ ഇടത് ബോധ്യത്തിന്റെ ആവിഷ്‌കാരമല്ല. മറിച്ച് ഇടതുബോധത്തിന്റെ അകത്തുള്ള സാംസ്‌കാരിക വലതുപക്ഷമാണ് ഇതെല്ലാം പറയുന്നതെന്നും കെ.ഇ.എൻ ചൂണ്ടിക്കാട്ടി.

"ഐഡന്റിറ്റി എന്നത് ചരിത്രപരമായ ഒരു സത്യമാണ്. നാം ചവിട്ടിനിൽക്കുന്ന മണ്ണും നാം നോക്കുന്ന ആകാശവുമാണത്. വർഗരഹിത സമൂഹത്തിൽ പോലും ഐഡന്റിറ്റി ഉണ്ടാവും. ഒരു മതം മർദിത മതമായി മാറുമ്പോൾ ആ മതം പ്രക്ഷോഭത്തിന്റെ നേതൃത്വമാകും. കന്ധമാലിൽ ചെന്നപ്പോൾ എരിയുന്ന വയറിന്റെ തീയല്ല മതമെന്ന സത്യമാണ് കണ്ടത്. ആ മുദ്രാവാക്യം യാന്ത്രികമായി ആവർത്തിക്കുന്നത് കുറ്റകൃത്യമാകും." - കെ.ഇ.എൻ

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ഫീഡ് ചെയ്യും എന്ന ഇടതുപക്ഷ കാഴ്ചപ്പാട് സൂക്ഷ്മമായ അപനിർമാണത്തിന് വിധേയമാക്കണമെന്ന് കെ.ഇ.എൻ ആവശ്യപ്പെട്ടു. ഗുജറാത്തിലും അഹമ്മദാബാദിലും ഒഡീഷയിലെ കന്ധമാലിലും ന്യൂനപക്ഷ വർഗീയത ഉണ്ടായിട്ടല്ല വംശഹത്യ നടന്നത്. അതുകൊണ്ട് തന്നെ ഒരു വർഗീയത മറ്റൊരു വർഗീയതയെ പ്രോത്സാഹിപ്പിക്കും എന്നത് സൂക്ഷ്മാർഥത്തിൽ ശരിയല്ല. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ സങ്കീർണതകൾ കാരണം ലോകത്ത് ഏറ്റവും കൂടുതൽ ആയുസ്സ് ഇന്ത്യൻ ഫാഷിസത്തിനാണെന്നും, അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും ഒടുവിൽ വിപ്ലവം നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kandhamal Revealed Religion as a Reality Beyond Hunger; Identity is a Historical Fact: KEN Kunhahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.