തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ വലിയ രീതിയിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന വ്യാജേന ലിങ്കുകൾ സഹിതമാണ് വാട്സ്ആപ്പ് വഴി തട്ടിപ്പ് സന്ദേശങ്ങൾ പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പൊതുജനങ്ങൾ കെണിയിൽ വീഴരുതെന്നും കബളിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മിൽമ മാനേജ്‌മെന്റ് കർശന മുന്നറിയിപ്പ് നൽകി.
വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ചോദിച്ച വ്യക്തിഗത വിവരങ്ങൾ കൈമാറുകയും ചെയ്ത ചിലർക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പണം നഷ്ടമായെന്ന് കാണിച്ച് ഇരകളായവർ മിൽമയ്ക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വ്യക്തികൾ വഴിയും തട്ടിപ്പ് ലിങ്ക് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഇത് വ്യാജമാണെന്നും ആരും ഇത്തരം ലിങ്കുകൾ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചിരുന്നു. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിപണിയിലെ വിശ്വാസ്യതയെ തകർക്കാനും പൊതുജനങ്ങളെ ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.
വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചതായി മിൽമ അറിയിച്ചു. സൈബർ തട്ടിപ്പിനെതിരെയും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മിൽമ അധികൃതർ പോലീസിനും സൈബർ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.