അബ്ദുസമദ് പൂക്കോട്ടൂർ
മലപ്പുറം: ഫുട്ബാൾ ലോകകപ്പിന്റെ ഭാഗമായുള്ള ആരാധകരുടെ ഫ്ലെക്സ് ഭ്രമത്തിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറിൽ ഫുട്ബാൾ ആരാധകർ വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം നടത്തിയത്. യൂറോപ്പുകാർക്ക് പോലുമില്ലാത്ത തരം ഫ്ലെക്സ് ഭ്രാന്താണ് ഇവിടെ ചിലർ കാണിക്കുന്നതെന്നും ഇത്തരം അനാവശ്യമായ താരാരാധനകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം വിഭാഗങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള ഇടങ്ങളിലാണ് ഇത്തരം പ്രവണതകൾ കൂടുതലായി കണ്ടുവരുന്നത്. പള്ളിയിലേക്കോ മദ്രസയിലേക്കോ പത്തുരൂപ പോലും സംഭാവന നൽകാത്തവർ വരെ ഫ്ലെക്സ് വെക്കാനായി വലിയ തുകയാണ് ചെലവഴിക്കുന്നത്.
'കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ല, അതിനൊന്നും നമ്മൾ എതിരല്ല. എന്നാൽ ഒരു നല്ല കല എന്ന രീതിയിൽ കളി ആസ്വദിക്കുന്നതിന് പകരം അനാവശ്യമായ താരാരാധനയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.' — അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ആരാധകർ ഫ്ലെക്സ് വെക്കുന്നതിൽ ഒരു അർഥമുണ്ടെന്ന് പറയാം. എന്നാൽ, ഇന്ത്യ ലോകകപ്പിന്റെ അയൽവക്കത്ത് പോലും എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ കോലാഹലങ്ങൾ. ഈ താരാരാധന ഏറ്റവും കൂടുതൽ പ്രകടമാകുന്നത് മലപ്പുറത്താണ്.
കോട്ടയത്തും തിരുവനന്തപുരത്തുമുള്ള ആളുകൾക്ക് പഠിക്കണമെന്നും നല്ല ജോലി വാങ്ങണമെന്നുമാണ് ആഗ്രഹം. എന്നാൽ, നമ്മുടെ ആളുകൾ അവിടെയുമുണ്ടാകും എന്നതിനാൽ അവിടെയും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. ഇത്തരം അനാവശ്യമായ അതിരുകടന്ന ആരാധനകൾ കുറക്കാൻ ജനങ്ങൾ തയാറാകണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.