ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കലാസാഹിത്യ മേഖല

തിരുവനന്തപുരം: കഴിഞ്ഞ 17 ദിവസമായി ആശ ഹെൽത്ത് വർക്കേഴ്സ് നടത്തിവരുന്ന രാപകൽ സമരത്തിന് പിന്തുണയുമായി കലാസാഹിത്യ മേഖലയിലെ പ്രമുഖർ സന്ദേശം അയച്ചു. നടനും സംവിധായകനുമായ ജോയ് മാത്യു, നടൻ സലിം കുമാർ, സംവിധായകൻ വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ.ജോസ് സെബാസ്റ്റ്യൻ, അഡ്വ. കാളീശ്വരം രാജ്, എഴുത്തുകാരി ഖദീജ മുംതാസ്, എഴുത്തുകാരി ഗ്രേസി, ഡോക്യുമെൻററി സംവിധായകൻ ഒ.കെ ജോണി എന്നിവരും പിന്തുണ അറിയിച്ചു

പണ്ട് മുതലാളിക്കെതിരെയാണ് തൊഴിലാളി സമരം ചെയ്തിരുന്നെങ്കിൽ ഇന്ന് അവർക്ക് തൊഴിലാളികളുടെ പേരു പറഞ്ഞു അധികാരത്തിലേറിയവർക്കെതിരെ സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് ജോയ് മാത്യു കുറിച്ചു. ഏത് തൊഴിലും അഭിമാനകരമാണ്. അതുപോലെ ഏതു സമരവും ആത്മാഭിമാനത്തിനും കൂടി ഉള്ളതാണ്. അതിനെ പരിഹസിക്കാനും അവഗണിക്കാനും ഒരു വ്യാജ ഇടത് പക്ഷത്തിനേ സാധിക്കൂവെന്നും ജോയ് മാത്യു അറിയിച്ചു.

ആശമാരുടെ ന്യായമായ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സലിം കുമാർ ശബ്ദസന്ദേശം അയച്ചു. ആശമാർ നമ്മുടെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കാണുള്ളത്. എന്നാൽ ഓണറേറിയം എന്ന തുച്ഛമായ കൂലിക്ക് അവർ 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇത് തികച്ചും ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലിംകുമാർ പറഞ്ഞു.

ആശാവർക്കർമാരുടെ ആവശ്യം പരിഗണിക്കാൻ ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. അഡ്വ. കാളീശ്വരം രാജ് സമര നേതാക്കളെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിച്ചു. ആശാവർക്കർമാരുടെ സമരത്തിന് നീതി ബോധമുള്ള എല്ലാവരുടെയും പിൻതുണ ഉണ്ടാവണമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ഡോ.ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. ആശാവർക്കർമാരോട് ചെയ്യുന്ന ഈ അനീതിയ്ക്ക് ദൈവത്തിൻ്റെ മുന്നിലും മനുഷ്യൻ്റെ മുന്നിലും നീതീകരണമില്ലെന്നും ജോസ് സെബാസ്റ്റ്യൻ അറിയിച്ചു. ഖദീജ മുംതാസ്, ഗ്രേസി, ഒ കെ ജോണി എന്നിവരും ഐക്യദാർഢ്യം അറിയിച്ചു.

Tags:    
News Summary - Arts and literature sector in solidarity with the struggle of Ashas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.