ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളി​പ്പൂ ഇല്ല

തിരുവനന്തപുരം: പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, പൂജക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസാപ്പൂ എന്നിവയാണ് നൽകേണ്ടത്.

അരളി​ച്ചെടിയുടെ ഇലയിലും പൂവിലും കായയിലും മരണത്തിന് വരെ കാരണമാകുന്ന വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്തരും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. തുടർന്നാണ് തീരുമാനം. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളി ഉപയോഗിക്കുന്നത് നേരത്തേ ത​ന്നെ ഒഴിവാക്കിയിരുന്നു.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - Arali flowers are avoided in temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.