'കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം'; ആന്‍റണി രാജു പ്രതിയായ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹരജി

കൊച്ചി: കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ആന്‍റണി രാജു പ്രതിയായ കേസിൽ​ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്​ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. ഷൈൻ ദിനേശിനെയോ യോഗ്യരായ മറ്റേതെങ്കിലും അഭിഭാഷകനെയോ നിയമിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മാധ്യമ പ്രവർത്തകനായ അനിൽ കെ. ഇമ്മാനുവലാണ്​ ഹരജി നൽകിയത്​. ഹരജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാറിന്‍റെ നിലപാട് തേടി.

കേസിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്​ ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന്​​ ഹരജിയിൽ പറയുന്നു. ഹരജി തീർപ്പാക്കുന്നതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ മരവിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ആസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. ഈ കേസിൽ ആന്‍റണി രാജുവായിരുന്നു വിദേശ പൗരന്‍റെ അഭിഭാഷകൻ. 1990ലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിദേശിയെ പിടികൂടിയത്. ഇതിൽ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കോടതിയിൽനിന്ന് മാറ്റിയതാണ്​ കേസിനിടയാക്കിയത്​.

Tags:    
News Summary - Antony Raju Accused Evidence tampering cases: Petition to Appoint Special Prosecutor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.