കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.
കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് അണു ബാധയേറ്റതെന്നാണ് സംശയം. ഈ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശത്തെ അഞ്ച് കടവുകളിൽ ആളുകൾ ഇറങ്ങരുതെന്ന് മൂന്നിയൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിച്ചു വരികയാണ്. രോഗലക്ഷണമുള്ളവർ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ആശാവർക്കരുമാരുടെ നേതൃത്വത്തിൽ വീടുകളിലെ കിണറുകളിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്തി.
മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അഞ്ചു വയസ്സായ കുട്ടി വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് അണു ബാധയേറ്റതെന്നാണ് സംശയം. കുട്ടിയുടെ കൂടെ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മറ്റ് നാലു കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ രണ്ടു പേർക്ക് ജലദോഷം അനുഭവപ്പെടുന്നുണ്ട്. മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ 13നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. സാംപിൾ വിദഗ്ധ പരിശോധനക്കായി പോണ്ടിച്ചേരി ലാബിലേക്ക് അയച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിലെത്തി 24 മണിക്കൂറിനകം രോഗം സ്ഥിരീകരിക്കുകയും കുട്ടിക്ക് മരുന്നുകൾ നൽകിത്തുടങ്ങുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് അരുൺ പ്രീത് അറിയിച്ചു. മരുന്ന് എത്തിക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്ന് പി. ആബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.